സിംഗപ്പൂര്‍: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ സഹായിക്കാനായി സിറിയയില്‍ പോകാന്‍ തയ്യാറായ മത അധ്യാപിക അറസ്റ്റില്‍. റുഖയ്യ റാംലിയാണ് അറസ്റ്റിലായത്. സിംഗപ്പൂരിലാണ് സംഭവം.

പാര്‍ട്ട് ടൈം ഫ്രീലാന്‍സ് മത അധ്യാപികയായ റുഖയ്യ റാംലിയെ ആഭ്യന്തര സുരക്ഷാ നിയമപ്രകാരമാണ് അറസ്റ്റ് ചെയ്തത്. ഭര്‍ത്താവിനൊപ്പം സിറിയയിലേയ്ക്ക് പോകാനായിരുന്നു ഇവരുടെ പദ്ധതി. സിറിയയിലെ ഐഎസ് ഭീകരരെ പരിപാലിക്കാനും പരിക്കേറ്റ ഭീകരരെ സഹായിക്കാനും റുഖയ്യ തീരുമാനിച്ചിരുന്നതായി സിംഗപ്പൂര്‍ ആഭ്യന്തര സുരക്ഷാ വകുപ്പ് അറിയിച്ചു. പുനരധിവാസ പരിപാടികളുമായി റുഖയ്യ സഹകരിക്കാതെ വന്നതോടെയാണ് അറസ്റ്റിലേയ്ക്ക് നീങ്ങിയതെന്ന് ആഭ്യന്തര സുരക്ഷാ വകുപ്പ് വ്യക്തമാക്കി.
റുഖയ്യയുടെ ഭര്‍ത്താവും മലേഷ്യന്‍ സ്വദേശിയുമായ മുഹമ്മദ് ഫിര്‍ദൗസിനു ഇസ്ലാമിക് സ്‌റ്റേറ്റുമായി ബന്ധമുണ്ടെന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ഭീകരതയുമായി ബന്ധപ്പെട്ട ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചതിന് മലേഷ്യന്‍ ഹൈക്കോടതി ഫിര്‍ദൗസിന് മൂന്ന് വര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് 34കാരിയായ റുഖയ്യ റാംലി ഐഎസ് ഭീകരരുമായി ഓണ്‍ലൈനിലൂടെ ബന്ധപ്പെട്ടത്. ഐഎസില്‍ ചേരാന്‍ ഭര്‍ത്താവിന് ഇവര്‍ പിന്തുണ നല്‍കിയതായും കണ്ടെത്തിയിട്ടുണ്ട്.