ചെന്നൈ: നടുറോഡില്‍ വടിവാള്‍ ഉപയോഗിച്ച്‌ കേക്ക് മുറിച്ച്‌ ജന്മദിനം ആഘോഷിച്ച യുവാക്കള്‍ അറസ്റ്റില്‍. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരാണ് പിടിയിലായത്. ചെന്നൈ കണ്ണകി നഗറിലാണ് സംഭവം.

സുനില്‍ എന്ന യുവാവിന്റെ ജന്മദിനമാണ് സുഹൃത്തുക്കള്‍ വീടിനു സമീപത്തെ റോഡില്‍ വെച്ച്‌ ആഘോഷിച്ചത്. സുനില്‍, നവീന്‍ കുമാര്‍, അപ്പു, ധനേഷ്, രാജേഷ്, കാര്‍ത്തിക് എന്നിവരെയാണ് പോലീസ് പിടികൂടിയത്. ജന്മദിനാഘോഷത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഈ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് പോലീസ് യുവാക്കളെ അറസ്റ്റ് ചെയ്തത്.

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളെല്ലാം ലംഘിച്ചായിരുന്നു യുവാക്കളുടെ ജന്മദിനാഘോഷം. ആഘോഷത്തില്‍ പങ്കെടുത്ത പത്തോളം യുവാക്കള്‍ക്ക് വേണ്ടി പോലീസ് അന്വേഷണം തുടരുകയാണ്. മാരകായുധം ഉപയോഗിച്ചതിനും സമീപവാസികള്‍ക്ക് ശല്യമുണ്ടാക്കിയതിനുമാണ് കേസെടുത്തത്. കണ്ണകി നഗറില്‍ തന്നെ താമസിക്കുന്ന യാഗേശ്വരന്‍ എന്ന വ്യക്തിയുടെ പരാതിയിലാണ് പോലീസ് നടപടി.