ന്യൂദല്‍ഹി: കൊറോണ അനാഥരാക്കിയ കുട്ടികളുടെ പേരില്‍ സര്‍ക്കാരിതര സംഘടനകള്‍ പണം പിരിക്കുന്നത് തടയണമെന്ന് സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരുകളോട് നിര്‍ദേശിച്ചു.

ഇത്തരം കുട്ടികളെ ദത്തെടുക്കാന്‍ നിയമപരമായ നടപടികളുണ്ട്. അതില്ലാതെ അവരെ ഏറ്റെടുക്കുന്നത് നിയമവിരുദ്ധമാണ്. ദത്തെടുക്കാന്‍ അഭ്യര്‍ഥിച്ചുള്ള പരസ്യങ്ങളും നിയമവിരുദ്ധമാണ്.

ഇത്തരം കുട്ടികളുടെ പഠനം മുടങ്ങാതെ നോക്കണം. അതേസമയം അവരെ ഏറ്റെടുക്കുകയും അവരുടെ പേരില്‍ പിരിവു നടത്തുകയും ചെയ്യുന്ന സംഘടനകള്‍ക്കും വ്യക്തികള്‍ക്കുമെതിരെ ശക്തമായ നടപടിയെടുക്കണമെന്നും ജസ്റ്റിസ് എല്‍. നാഗേശ്വര റാവു, ജസ്റ്റിസ് അനിരുദ്ധബോസ് എന്നിവരുള്‍പ്പെട്ട ബെഞ്ച് ആവശ്യപ്പെട്ടു.
കോവിഡ് മൂലം മാതാപിതാക്കളോ രക്ഷിതാക്കളോ നഷ്ടപ്പെട്ട് അനാഥരായ കുട്ടികളെ കണ്ടെത്തി അവരുടെ വിശദാംശങ്ങള്‍ ദേശീയ വെബ്‌സൈറ്റില്‍ ചേര്‍ക്കാനുള്ള നടപടികള്‍ തുടരാന്‍ കോടതി സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചു.