ഗോവ: സോഷ്യല്‍ മീഡിയയില്‍ ഒരു വിവാഹ പരസ്യം തരംഗമാകുകയാണ്. ‘കോവിഡ് വാക്സിന്‍ സ്വീകരിച്ച 24 കാരിയായ റോമന്‍ കത്തോലിക്കാ പെണ്‍കുട്ടി, കോവിഷീല്‍ഡിന്റെ രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ച ബിരുദാനന്തര ബിരുദധാരികളില്‍ നിന്ന് വിവാഹാലോചനകള്‍ ക്ഷണിക്കുന്നു’വെന്നാണ് പരസ്യം. സാമൂഹിക മാധ്യമത്തില്‍ നിരവധി പേര്‍ പരസ്യത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണം രേഖപ്പെടുത്തി.

‘വാക്സിന്‍ എടുത്ത പെണ്‍കുട്ടി വാക്സിന്‍ സ്വീകരിച്ച യുവാക്കളില്‍ നിന്ന് വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. ഇങ്ങനെയൊരു പരസ്യം ഇനി സാധാരണയായി മാറുമോ’യെന്ന ചോദ്യവുമായി ഈ വിവാഹ പരസ്യത്തിന്റെ ഫോട്ടോ കോണ്‍ഗ്രസ് എം.പി ശശി തരൂരും ട്വിറ്ററില്‍ ഷെയര്‍ ചെയ്തിരുന്നു. ഇതോടെ പരസ്യത്തിന്റെ സത്യാവസ്ഥയെക്കുറിച്ച്‌ ചോദ്യങ്ങള്‍ പല ഭാഗങ്ങളില്‍ നിന്നായി ഉയര്‍ന്നു.

അതേസമയം, കോവിഡ് വാക്സിനേഷനായി കഴിയുന്നത്ര ആളുകളെ എത്തിക്കുക എന്ന ശ്രമത്തിന്റെ ഭാഗമായി ഗോവയില്‍ നിന്നുള്ള സാവിയോ ഫിഗ്യൂറെഡോ എന്നയാള്‍ ആരംഭിച്ച സോഷ്യല്‍ മീഡിയ ക്യാമ്പയിന്റെ ഭാഗമായിരുന്നു ഈ പരസ്യം. ‘മാട്രിമോണിയലുകളുടെ ഭാവി’ എന്ന പേരില്‍ ഒരു വാക്സിനേഷന്‍ സെന്ററിന്റെ കോണ്‍ടാക്റ്റ് നമ്പറിനൊപ്പം ശ്രദ്ധ ആകര്‍ഷിക്കാന്‍ ഈ മാട്രിമോണിയല്‍ പരസ്യവും പോസ്റ്റു ചെയ്യുകയായിരുന്നു.

വാക്സിനേഷനായി കഴിയുന്നത്ര ആളുകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് താന്‍ പരസ്യം സൃഷ്ടിച്ചതെന്നും, തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത പരസ്യം യഥാര്‍ത്ഥമാണെന്ന് പലരും കരുതുകയും തുടര്‍ന്ന് വൈറലായി മാറുകയുമായിരുന്നു എന്ന് സാവിയോ വ്യക്തമാക്കി.