മലപ്പുറം – നിലമ്പൂർ താലൂക്കിലെ വണ്ടൂരിലുള്ള ഗവണ്മെന്റ് കമ്മ്യൂണിറ്റി ഹെൽത്ത്‌ സെന്റർ അധികൃതരുടെ അനാസ്ഥ മൂലം പാവപെട്ട ജനങ്ങളുടെ കോവിഡ് ചികിത്സയും, മറ്റു മാതൃ ശിശു സംരക്ഷണ ചികിത്സയും നിഷേധിക്കപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ ഇരുപതു വർഷമായി സർക്കാർ ഫണ്ടായി കോടികളാണ് ഇവിടെ ചിലവായിച്ചിട്ടുള്ളത്. സാധാരണ ഗതിയിൽ ഒരു മെഡിക്കൽ കോളേജിലേക്ക് ചെലവായിക്കുന്നതിനേക്കാൾ തുക വിവിധ ഘട്ടങ്ങളായി ഇവിടെ ചിലവാക്കിയിട്ടുണ്ട്. പക്ഷെ എവിടെയാണ്, ആരുടെ ഒക്കെ കീശയിലേക്കാണ് ഇതൊക്കെ പോയിട്ടുള്ളത് എന്നൊക്ക വിശദമായി അന്വേഷിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഇടയ്ക്കിടെ പത്ര സമ്മേളനങ്ങൾ നടത്തി, ഒരിക്കലും നടക്കാത്ത കുറെ പ്രഖ്യാപനങ്ങൾ നടത്തുവാൻ ജനപ്രതിനിഥികൾ എപ്പോഴും മുന്നിൽ ഉണ്ടാവും. ഇവരുടെ ബിനാമികളായ ഏതാനും ശിങ്കിടികളാണ് ഇവിടുത്തെ കരാർ വർക്കുകൾ പതിവായി ചെയ്യാറുള്ളത്. അതിന്റെ പരിണത ഫലമായി ചെയ്ത് മാസങ്ങൾ കഴിഞ്ഞപ്പോഴെയ്ക്കും ചുറ്റു മതിലൊക്കെ പൊളിഞ്ഞ് പാളീസായി. ഇപ്പോഴിതാ സെപ്റ്റിക്ക് ടാങ്കും ഇരുന്നു പോയിരിക്കുന്നു. ജില്ലയിലെ ജന പ്രതിനിധികൾക്ക് ഈ സർക്കാർ ആതുരാലയം നല്ല ഒരു വെള്ളാനയാണ്. കെട്ടിടങ്ങൾ ഉണ്ടാക്കുകയും അതു വൈകാതെ പൊളിച്ചു മാറ്റുകയും ചെയ്യുന്നത് ഇവിടെ ഒരു സ്ഥിരം കാഴ്ചയാണ്.
കോവിഡ് മൂലം ജോലിയും കൂലിയും ഇല്ലാതെ ബുദ്ധി മുട്ടുന്ന ജനങ്ങളുടെ ആശ്രയം സർക്കാർ സംവിധാങ്ങൾ തന്നെയാണ്. എന്നാൽ ജനങ്ങൾക്ക് ഒപ്പം നിൽക്കേണ്ട ജനപ്രതിനിധികൾ സ്വകാര്യ ആശുപത്രികളെ സഹായിക്കുന്ന നിലപാടാണ് തുടർച്ചയായി സ്വീകരിക്കുന്നത്.
ഈ ആതുരാലയത്തിന്റെ ശോചനീയ അവസ്ഥയും, ഇതിന്റെ പേരിൽ ഫണ്ടുകൾ അടിച്ചു മാറ്റുന്ന കാപട്യക്കാരെയും തുറന്നു കാട്ടുന്നതിനായി ശക്തമായ സമരപരിപാടികൾക്ക് ഡിപ്ളോമാറ്റിക് മിഷൻ മനുഷ്യാവകാശ പ്രവർത്തകരായ ഹൂമയൂൺ , ബിനു വണ്ടൂർ എന്നിവരുടെ നേതൃത്വത്തിൽ വണ്ടൂരിലെ പൊതു സമൂഹം തയ്യാറെടുക്കുകയാണ്.