കൊല്ലം: ഹൈവേ പെട്രോളിങ്ങിന്റെ ഭാഗമായി കൊല്ലം റൂറല്‍ പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് സംഭവം. പെറ്റിയടച്ച ഏതോ ഒരാള്‍ 500 രൂപയുടെ കള്ളനോട്ട് കൊടുത്ത് പോലീസിനെ കബളിപ്പിക്കുകയായിരുന്നു. അന്നേദിവസം കേസുകള്‍ അനവധി ഉണ്ടായിരുന്നത് കൊണ്ട് തന്നെ ഈ നോട്ട് ആരുടേതെന്ന് കണ്ടെത്താന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

പണം ട്രഷറിയില്‍ എത്തിച്ചപ്പോഴാണ് കള്ളനോട്ടാണെന്ന വിവരം ലഭിച്ചത്. പണം ആരുടെതെന്ന് കണ്ടെത്താന്‍ അന്വേഷണത്തിന് പുനലൂര്‍ ഡിവൈഎസ്പി എം.എസ്.സന്തോഷ് ഉത്തരവിട്ടു. പിഴ അടയ്ക്കുന്ന പണം ‘ഒറിജിനല്‍’ ആണെന്ന് ഉറപ്പു വരുത്താന്‍ പരിശോധനാ സംഘങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ് അധികൃതര്‍.
വാഹന പരിശോധനയ്ക്കൊപ്പം നോട്ട് പരിശോധനയും ഇതോടെ ശക്തമാക്കിയിരിക്കുകയാണ് കൊല്ലം റൂറല്‍ പൊലീസ്.