മലയാളികളുടെ ഇഷ്ടനടിയാണ് മീന. സിനിമയില്‍ മുപ്പത് വര്‍ഷം പിന്നിടുമ്പോള്‍ വെല്ലുവിളി നിറഞ്ഞ കഥാപാത്രങ്ങള്‍ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് മീന. ഇപ്പോള്‍ തന്റെ മനസ്സിലെ ആഗ്രഹം വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ഒരു വില്ലത്തിയായി അഭിനയിക്കണമെന്ന ആഗ്രഹമാണ് താരം പങ്കുവയ്ക്കുന്നത്.

‘വില്ലത്തിയായ ഒരു കഥാപാത്രമാണ് ഇനി ചെയ്യണമെന്ന് ആഗ്രഹമുള്ളത്. പ്രേക്ഷകരുടെ ചിന്താഗ്തി മാറിക്കൊണ്ടിരിക്കുകയാണ്. പണ്ടൊക്കെ ഒരു കഥാപാത്രത്തെ തെരഞ്ഞെടുക്കുമ്ബോള്‍ അത് നമ്മുക്ക് ചീത്ത പേര് ഉണ്ടാക്കുമോ എന്ന് കൂടി ചിന്തിക്കേണ്ടി വന്നിരുന്നു.

എന്നാല്‍ ഇന്ന് പ്രേക്ഷകര്‍ താരങ്ങള്‍ ചെയ്യുന്നത് വെറും കഥാപാത്രങ്ങളാണെന്ന് മനസിലാക്കുന്നു. അതുകൊണ്ട് കുറച്ച്‌ വ്യത്യസ്തമായ വെല്ലുവിളികള്‍ നിറഞ്ഞ കഥാപാത്രങ്ങള്‍ ചെയ്യണമെന്ന് ആലോചിക്കുന്നുണ്ട്.’

മുപ്പത് വര്‍ഷത്തിനിടയില്‍ സിനിമയിലെ പ്രമുഖ താരങ്ങള്‍ക്കൊപ്പം മീന വേഷമിട്ടു. മോഹന്‍ലാല്‍, മമ്മൂട്ടി, രജനികാന്ത്, കമല്‍ ഹാസന്‍ തുടങ്ങിയ താരങ്ങളുടെ നായികയായി. എങ്കിലും തന്റെ സിനിമ ജീവിതത്തില്‍ സംഭവിച്ച ചില കാര്യങ്ങളില്‍ ഇപ്പോഴും മീനയ്ക്ക് നിരാശയുണ്ട്.

ഹരികൃഷ്ണന്‍സ്, തേവര്‍ മഗന്‍, പടയപ്പ എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലേക്ക് അവസരം ലഭിച്ചെങ്കിലും പല കാരണങ്ങള്‍ കൊണ്ടും അതിന്റെ ഭാഗമാകാന്‍ മീനയ്ക്ക് കഴിഞ്ഞിരുന്നില്ല.