നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫിന്റെ ക്യാംപെയ്നുകളില്‍ മുന്നില്‍ നിന്ന രാഹുല്‍ ​ഗാന്ധിയെയും കോണ്‍​ഗ്രസിനെയും കണക്കറ്റ് ട്രോളി മുകേഷ് എംഎല്‍എ. സഭയില്‍ ബജറ്റ് പൊതുചര്‍ച്ച നടക്കുന്നതിനിടെയാണ് കോണ്‍​ഗ്രസിനും ബിജെപിക്കുമെതിരെ മുകേഷിന്റെ പരിഹാസങ്ങള്‍ ഉയര്‍ന്നത്. ഒരുവേള യുഡിഎഫ് എംഎല്‍എമാരായ പി.സി വിഷ്ണുനാഥ്, അന്‍വര്‍ സാദത്ത് എന്നിവര്‍ പ്രതിഷേധവുമായി എഴുന്നേല്‍ക്കുകയും ചെയ്തു. രാഹുല്‍ ​ഗാന്ധിക്ക് എതിരായ വസ്തുതാ വിരുദ്ധമായ പരാമര്‍ശങ്ങള്‍ സഭയിലെ രേഖയില്‍ നിന്ന് നീക്കം ചെയ്യണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

മുകേഷിന്റെ പ്രസം​ഗവും വിഷ്ണുനാഥിന്റെ എതിര്‍പ്പും വായിക്കാം

സാര്‍, വിനോദസഞ്ചാര മേഖലയില്‍ കൊല്ലം ശ്രദ്ധേയമായ ഡെസ്റ്റിനേഷനാണ്. പുതിയ ബജറ്റ് നിര്‍ദേശങ്ങള്‍ യാഥാര്‍ത്ഥ്യമാകുമ്ബോള്‍ കൊല്ലത്തിന്റെ തിളക്കമേറും. കൊല്ലം കണ്ടവന് ഇല്ലം വേണ്ടാ എന്നൊരു ചൊല്ലുണ്ട്. ഈ ചൊല്ലിന്റെ അര്‍ത്ഥം ബഹുമാന്യനായ രാഹുല്‍ ഗാന്ധി എങ്ങനെയോ മനസിലാക്കിയിട്ടുണ്ടെന്ന് തോന്നുന്നു. അദ്ദേഹം കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് കൊല്ലത്ത് വന്ന് നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സാക്ഷിയാക്കി കടലിലേക്ക് എടുത്ത് ചാടുകയായിരുന്നു. രാഹുല്‍ ഗാന്ധിയെ അനുകരിക്കാന്‍ മത്സരിക്കുന്ന പലരും അദ്ദേഹത്തിന്റെ ചാട്ടം അനുകരിക്കാന്‍ തയ്യാറാകാതെ മാറിനിന്നു.

ചോരയും ജീവനും നല്‍കുമെന്നൊക്കെ മുദ്രാവാക്യം വിളിക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ അദ്ദേഹം ചാടി നിന്തീയിട്ട് മാറിനിന്നു, സ്ഥലം കൊടുത്തു ബാക്കിയുളളവര്‍ക്ക് ചാടാന്‍. ആരും ചാടിയില്ല സാര്‍, കടല്‍ വേറെ, രാഹുല്‍ ഗാന്ധി വേറെ.

സാര്‍, രാഹുല്‍ ഗാന്ധി ലോകത്ത് എവിടെ എല്ലാം പോയിരിക്കുന്നു. ഏതൊക്കെ കടലുകളിലൂടെ യാത്ര ചെയ്തിരിക്കുന്നു. ചിലപ്പോള്‍ നില്‍ക്കുന്ന നില്‍പ്പില്‍ തന്നെ അദ്ദേഹം അഞ്ചും ആറും മാസം പുറത്ത് പോയിട്ട് ആരും അറിയാതെ തിരിച്ചുവരുന്നു. പക്ഷേ ഒരു കാര്യം ഓര്‍ക്കണം, ലോകം എമ്ബാടും യാത്ര ചെയ്ത രാഹുല്‍ ഗാന്ധിക്ക് കടലില്‍ ചാടാന്‍ തോന്നിയത്, കൊല്ലത്തെ, എന്റെ കൊല്ലത്തെ കടല്‍ കണ്ടപ്പോഴാണ്. അത്ര മനോഹരമാണ് സാര്‍, അവിടുത്തെ കടല്‍.

ബഹുമാന്യനായ ടൂറിസം മന്ത്രി ശ്രദ്ധിക്കാന്‍ വേണ്ടി പറയുകയാണ്. കൊല്ലത്തെ കടല്‍ കണ്ട് അതില്‍ ചാടിയ രാഹുല്‍ ഗാന്ധിയെ നമ്മുടെ ടൂറിസം അംബാസിഡറാക്കണം. അദ്ദേഹം കടലില്‍ ചാടുന്ന ചിത്രങ്ങള്‍ ടൂറിസം വകുപ്പ് ഉപയോഗിക്കണം. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന് കടലില്‍ ചാട്ടം മറ്റ് ചില സംശയങ്ങള്‍ ഉയര്‍ത്തുന്നു. വലിയ നേതാക്കള്‍ പൊതുവേ ദീര്‍ഘദര്‍ശികളായിരിക്കുമല്ലോ. സംഭവിക്കാന്‍ ഇടയുളളതിനെ മുന്‍കൂട്ടി കണ്ട് യുഡിഎഫിന്റെ കേരളത്തിലെ സ്ഥിതി സംബന്ധിച്ച്‌ പ്രതീകാത്മകമായുളള ചാട്ടമായിരിക്കാം ഒരുപക്ഷേ ക്രാന്തദര്‍ശിയായ രാഹുല്‍ ഗാന്ധി നടത്തിയത് എന്നുതോന്നുന്നു.

ഒരു ചെറിയ പരാതിയുണ്ട്, രാഹുല്‍ ഗാന്ധി ഇങ്ങനെയൊക്കെ ചാടി, ബഹളം വെച്ച്‌ പോയെങ്കിലും അദ്ദേഹം താമസിച്ച ഹോട്ടലിന്റെ പൈസ കൊടുത്തിട്ടില്ലെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്. മൈക്ക് സെറ്റിന്റെയും പൈസയും കൊടുത്തിട്ടില്ല. അത് രണ്ടിന്റെയും പണം കൊടുക്കണം. അല്ലെങ്കില്‍ കൊല്ലം എംഎല്‍എ അത് കൊടുക്കേണ്ടിവരും.

ഇതിനിടെയാണ് പി.സി വിഷ്ണുനാഥ് എതിര്‍പ്പ് ഉന്നയിച്ച്‌ എത്തിയത്. അദ്ദേഹം ആ സ്‌ക്രിപ്റ്റ് വായിക്കുന്നതിന്റെ ഇടയില്‍ പറ്റിയ ഗുരുതരമായ വീഴ്ചയാണ്. രാഹുല്‍ ഗാന്ധി താമസിച്ച ഹോട്ടലിന്റെ ബില്ല് കൊടുത്തില്ല എന്ന പ്രശ്‌നം മുന്‍പൊരു തവണയും പറഞ്ഞതാണ്. ആ ഹോട്ടലിന്റെ മാനെജര്‍ തന്നെ, അത് സംബന്ധിച്ച്‌ മുഴുവന്‍ പണവും നല്‍കിയതാണെന്നും ഇത് സംബന്ധിച്ച വാര്‍ത്ത വ്യാജമാണെന്നും അവര്‍ പ്രസ് റിലീസ് കൊടുത്തിട്ടുണ്ട്. രാഹുല്‍ ഗാന്ധിയെ പോലെ ഒരു പാര്‍ലമെന്റ് അംഗത്തെ വാസ്തവ വിരുദ്ധമായ ഒരു ആരോപണം ഉന്നയിച്ച്‌ അധിക്ഷേപിക്കുന്നത് ശരിയല്ല. അദ്ദേഹം കുറെ കാര്യങ്ങള്‍ പറഞ്ഞു, അത് കുറെയൊക്കെ ആ രീതിയില്‍ വിടുകയാണ്. പക്ഷേ ഇത് ആ രൂപത്തില്‍ സഭയിലെ രേഖയില്‍ പരാമര്‍ശിക്കരുത്. അത് നീക്കം ചെയ്യണമെന്നും വിഷ്ണുനാഥ് പറഞ്ഞു. ഇതിന് മറുപടിയായി മുകേഷ് അങ്ങനെയൊരു വാര്‍ത്തയുണ്ടെന്നാണ്. ആ വാര്‍ത്ത ശരിയാണെന്നോ, തെറ്റാണെന്നോ പറഞ്ഞിട്ടില്ല. അങ്ങനെ ഇല്ലെങ്കില്‍ ഓക്കെ. പൈസ കൊടുത്തെങ്കില്‍ ആ ഹോട്ടലുകാരന്‍ രക്ഷപ്പെടട്ടെ എന്നും പറഞ്ഞു.