കൊല്ലം: സുഗതസ്മൃതികളില്‍ ‘സുഗതം സുജീവനം’ പദ്ധതിയുമായി സേവാഭാരതി. വനവാസി ഊരുകളിലെ അരക്ഷിത ജീവിതം നേരിട്ടറിഞ്ഞ് മലയാളത്തിന്റെ പ്രിയ കവി സുഗതകുമാരി മുന്നോട്ടുവച്ച പദ്ധതികളിലൊന്നിനാണ് സേവാഭാരതി ജീവന്‍ നല്‍കുന്നത്. കേരളത്തിലെ വനവാസി ഊരുകളിലെത്തി വൈദ്യസഹായം ഉറപ്പാക്കുന്ന പദ്ധതിക്ക് ‘സുഗതം’ എന്നാണ് പേരിട്ടിരിക്കുന്നത്. പദ്ധതിക്ക് ഈ മാസം തുടക്കമാകും. ആദ്യഘട്ടമായി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ നടപ്പാക്കും.

ഊരുകളിലെ സന്ദര്‍ശനവേളകളില്‍ സുഗതകുമാരി പങ്കുവച്ച ആശയങ്ങളില്‍ നിന്നാണ് സേവാഭാരതി പ്രവര്‍ത്തകര്‍ പുതിയ പദ്ധതിക്ക് രൂപം നല്‍കിയത്. എഴുത്തുകാരിയുടെ ആറന്മുളയിലെ തറവാട്ടില്‍ പിന്നീട് സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഒരുമിച്ചു കൂടിയപ്പോള്‍ ഈ ആശയം നടപ്പാക്കാനുള്ള ചുമതല സേവാഭാരതി ഏറ്റെടുക്കുകയായിരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ വനവാസി ഊരുകളുള്ള 25 പഞ്ചായത്തുകളില്‍ സേവാഭാരതിയുടെ സുഗതം മൊബൈല്‍ മെഡിക്കല്‍ സംവിധാനം എത്തും. ഒരു ഡോക്ടറുടെയും നഴ്സിന്റെയും സേവനം ഉറപ്പാക്കുന്നതാണ് പദ്ധതി. മൂന്ന് ജില്ലകളിലെയും പ്രമുഖ ആശുപത്രികളുമായും വിദഗ്ധരായ ഡോക്ടര്‍മാരുമായും സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

ദല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ക്യുക് ഹീല്‍ എന്ന പ്രസ്ഥാനമാണ് സുഗതം പദ്ധതിക്കായുള്ള മെഡിക്കല്‍ വാന്‍ സേവാഭാരതിക്ക് നല്‍കിയത്. ഒരാഴ്ച ഒരു ഊരില്‍ എന്ന നിലയിലാവും ആരോഗ്യസേവനം. ചികിത്സയും മരുന്നും അവിടെത്തന്നെ നല്‍കും. ഗുരുതര രോഗമുള്ളവര്‍ക്കും കൂടുതല്‍ ചികിത്സ ആവശ്യമുള്ളവര്‍ക്കും അതാത് ജില്ലകളില്‍ത്തന്നെ പ്രമുഖ ആശുപത്രികളില്‍ ചികിത്സയ്ക്ക് സൗജന്യ നിരക്ക് ഉറപ്പാക്കും. എല്ലാ ഊരുകളിലും ആരോഗ്യപൂര്‍ണമായ ജീവിതം സാധ്യമാക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് സേവാഭാരതി പദ്ധതി നടപ്പാക്കുന്നത്.