ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ തടഞ്ഞത് വന്‍ ആക്രമണ പദ്ധതിയെന്ന് സൈന്യം. നുഴഞ്ഞു കയറി എത്തി വലിയ ആക്രമണത്തിന് പദ്ധതിയിട്ട നാല് ഭീകരരെയാണ് സൈന്യം വധിച്ചത്. കശ്മീരില്‍ ഡിഡിസി തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സൈന്യം വന്‍ ആക്രമണ പദ്ധതി തകര്‍ത്തത്.

പാകിസ്താന്‍ നിര്‍മ്മിത മരുന്നുകളുടെ ശേഖരം ഭീകരരുടെ പക്കല്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. സുര്‍ഫി, ഫ്‌ലാഗില്‍, 75 മില്ലി ഗ്രാം ഡിക്ലോരാന്‍ ഇഞ്ചക്ഷന്‍ എന്നിവയാണ് ഇവരുടെ പക്കല്‍ നിന്നും സൈന്യത്തിന് ലഭിച്ചത്. മരുന്നുകള്‍ക്ക് പുറമെ വന്‍ ആയുധ ശേഖരവും സൈന്യം പിടികൂടി.

ആറ് എകെ 56 റൈഫിളുകള്‍, 5 എകെ 47 റൈഫിളുകള്‍, ഒരു യുജിബിഐ ഗണ്‍, 3 വയര്‍ലെസ് സെറ്റുകള്‍, 9 എകെ തിരകള്‍, 3 പിസ്റ്റലുകള്‍, ഒരു ആര്‍ഡിഎക്‌സ്, വലിയ അളവിലുള്ള വയര്‍, 30 ഹാന്‍ഡ് ഗ്രനേഡുകള്‍, 20 കിലോ സ്‌ഫോടക വസ്തുക്കള്‍, 2 ആര്‍ഡി റിമോട്ടുകള്‍ എന്നിവയാണ് ഭീകരരുടെ പക്കലുണ്ടായിരുന്നത്. ഇതിന് പുറമെ, 3 ബാറ്ററികള്‍, 6 ബ്ലാങ്കറ്റുകള്‍, 2 വാച്ചുകള്‍, 5 മൊബൈല്‍ ഫോണുകള്‍ എന്നിവയും കണ്ടെടുത്തിട്ടുണ്ട്.