കോട്ടയം: കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയയില്‍ പൊറോട്ട അടിക്കുന്ന യുവതിയുടെ വീഡിയോ വൈറലായിരുന്നു.
എരുമേലി- കാഞ്ഞിരപ്പള്ളി റോഡിലെ ആര്യ ഹോട്ടലിലെ ഈ ‘പൊറോട്ടയടിക്കാരി’ നിയമവിദ്യാര്‍ഥിനിയായ അനശ്വരയാണ്. ഈ 23കാരിയുടെ ജീവിത പോരാട്ടത്തിന് ഒട്ടേറെ പേര്‍ പിന്തുണയുമായി എത്തി. ‘മിടുക്കി കുട്ടി’ എന്നാണ് അവര്‍ അനശ്വരയെ കുറിച്ച്‌ സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചത്. എരുമേലി-കാഞ്ഞിരപ്പള്ളി റോഡിലെ കുറുവാമൊഴിയാണ് അനശ്വരയുടെ സ്ഥലം. ഒരു കുഞ്ഞുവീടും അതിനോട് ചേര്‍ന്ന ചെറിയ ഹോട്ടലും. അമ്മ സുബിയെ സഹായിക്കാനായാണ് അനശ്വര പൊറോട്ടയടിക്കാന്‍ തുടങ്ങിയത്. പിന്നെ അത് പതിവായി. ആദ്യമൊക്കെ അല്‍പം ബുദ്ധിമുട്ട് തോന്നിയിരുന്നെങ്കിലും ഇപ്പാള്‍ ആരെയും വെല്ലുന്ന കൈവഴക്കത്തോടെ അനശ്വര ഈ പണി നല്ല വെടിപ്പായി ചെയ്യും. അമ്മയും അമ്മയുടെ സഹോദരിയും എല്ലാ സഹായത്തിനും കൂടെയുണ്ട്. അനശ്വരയ്ക്കൊപ്പം സഹോദരിമാരായ മാളവികയും അനാമികയും പൊറോട്ടയടിക്കാനായി രംഗത്തുണ്ട്. അനശ്വരയെപ്പോലെ തന്നെ മിടുമിടുക്കികളാണ് ആറിലും പ്ലസ് വണ്ണിലും പഠിക്കുന്ന സഹോദരിമാരും.

അമ്മമ്മയാണ് ആര്യ ഹോട്ടല്‍ തുടങ്ങിയത്. പിന്നീട് അനശ്വരയുടെ അമ്മ സുബിയും സഹോദരിയും ഹോട്ടലിന്റെ മേല്‍നോട്ടം ഏറ്റെടുത്തു. ഇപ്പോള്‍ അവര്‍ക്ക് പുറമേ അനശ്വരയും സഹോദരിമാരും അമ്മയുടെ സഹോദരിയുടെ മകനും ഹോട്ടലില്‍ സജീവമായി രംഗത്തുണ്ട്. അനശ്വരയ്ക്കും കുടുംബത്തിനും സ്വന്തമായി വീടില്ല. ഹോട്ടലിനോട് ചേര്‍ന്നുള്ള തറവാട്ടുവീട്ടിലാണ് ഇവരുടെ താമസം.

തൊടുപുഴ അല്‍ അസര്‍ കോളേജിലെ അവസാനവര്‍ഷ നിയമവിദ്യാര്‍ഥിനിയായ അനശ്വര അഞ്ചാംക്ലാസ് മുതല്‍ തുടങ്ങിയതാണ് ഈ പൊറോട്ട അടി. രാവിലെ അഞ്ചരയ്ക്ക് കടയിലെ ജോലികളില്‍ അമ്മയെ സഹായിച്ചാണ് സ്‌കൂളില്‍ പോയിരുന്നത്. കോളജില്‍ ആദ്യമൊക്കെ കൂട്ടുകാര്‍ തമാശയ്ക്ക് പൊറോട്ട എന്നു വിളിക്കാറുണ്ടായിരുന്നു. എന്നാല്‍ തമാശയാണെങ്കിലും ഒരിക്കല്‍ പോലും ഈ വിളി അനശ്വരയ്ക്ക് അപമാനമായി തോന്നിയിട്ടില്ല. ജീവിതം നല്‍കുന്ന തൊഴിലിനെക്കുറിച്ച്‌ അഭിമാനം മാത്രമേ ഉള്ളൂ. ഇപ്പോള്‍ കൂട്ടുകാരെല്ലാവരും പിന്തുണയുമായി കൂടെത്തന്നെയുണ്ട്.

അനശ്വരയുടെ അമ്മ സുബി

ദിവസേന 100 മുതല്‍ 150 പൊറോട്ടവരെ തയ്യാറാക്കും. രാവിലെയും വൈകിട്ടും കടയിലെ ജോലികള്‍ ചെയ്യും. ലോക്‌ഡൗണ്‍ ആയതോടെ മുഴുവന്‍ സമയവും കടയിലെ ജോലികളിലാണ്. ഒരു വര്‍ഷം ബാങ്കില്‍ താത്കാലിക ജോലിനോക്കിയിരുന്നു. ഇപ്പോള്‍ ചായ അടി മുതല്‍ പൊറോട്ട അടിവരെയുള്ള ജോലികള്‍ ചെയ്യുന്നു. അനശ്വരയുടെ പൊറോട്ടയും ബീഫുമാണ് കടയിലെ സ്‌പെഷ്യല്‍. പഠനം പൂര്‍ത്തിയാക്കാന്‍ ഇനി കുറച്ച്‌ മാസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. പക്ഷേ പഠിച്ച്‌ വക്കീല്‍ ആയാലും പൊറോട്ടയടി വിടില്ലെന്നാണ് അനശ്വര പറയുന്നത്. അമ്മ ചെയ്യുന്ന പണി ഏറ്റെടുക്കും. വക്കീല്‍ പഠനവും ഹോട്ടലിലെ ജോലിയുമെല്ലാം ഒരുമിച്ച്‌ കൊണ്ടുപോവുന്നതില്‍ അമ്മയ്ക്കും കുടുംബത്തിനും സന്തോഷം മാത്രമേ ഉള്ളൂ. എല്‍എല്‍ബി പൂര്‍ത്തിയാക്കിയശേഷം എല്‍എല്‍എമ്മിന് ചേരണമെന്നാണ് ആഗ്രഹം.

അരനൂറ്റാണ്ട് മുന്‍പ് മുത്തശ്ശന്‍ കുട്ടപ്പനും മുത്തശ്ശി നാരായണിയും ചേര്‍ന്ന് ആരംഭിച്ച ചായക്കട 20 വര്‍ഷത്തോളമായി നോക്കുന്നത് അനശ്വരയുടെ അമ്മ സുബിയാണ്. ഇതിനോട് ചേര്‍ന്നുള്ള കുടുംബവീട്ടിലാണ് താമസം. വലിയ സമ്പാദ്യങ്ങളൊന്നുമില്ലെങ്കിലും പഠനവും മറ്റു ചെലവുകളും നടക്കുന്നത് കടയിലെ വരുമാനംകൊണ്ടാണ്. ചിറ്റമ്മ സിന്ധുവും അമ്മയുടെ സഹോദരപുത്രന്‍ പ്രഫുല്‍ രാജ്, ചിറ്റയുടെ മക്കളായ മാളവിക, അനാമിക എന്നിവരും സഹായത്തിനുണ്ട്.