പരഗ്വായ്: ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലെ വിജയക്കുതിപ്പ് തുടര്‍ന്ന് കരുത്തരായ ബ്രസീല്‍. എന്നാല്‍ മറുവശത്ത് അര്‍ജന്റീനയ്ക്ക് സമനിലകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. കാനറിപ്പട സൂപ്പര്‍ താരം നെയ്മറിന്റെ മികവിലാണ് പരഗ്വായിയെ കീഴടക്കിയത്. എതിരില്ലാത്ത രണ്ട് ഗോളിനാണ് ജയം.

ഗോളടിച്ചും അടിപ്പിച്ചുമാണ് നെയ്മര്‍ കളം നിറഞ്ഞത്. മത്സരത്തിന്റെ നാലാം മിനുറ്റില്‍ തന്നെ താരം ലക്ഷ്യം കണ്ടു. വലതു വിങ്ങിലൂടെ എത്തിയ ഗബ്രിയേല്‍ ജീസസ് നല്‍കിയ പാസില്‍ നിന്നാണ് ഗോള്‍ പിറന്നത്. ബോക്സിന്റെ ഇടതു വശത്ത് നിന്ന് തോടുത്ത ഷോട്ട് പിഴച്ചില്ല. ബ്രസീല്‍ മുന്നില്‍.

ബ്രസിലിന്റെ കരുത്ത് വീണ്ടു പരഗ്വായ് പ്രതിരോധ നിര അനുഭവിച്ചു. പക്ഷെ ഗോളുകള്‍ മാത്രം പിറന്നില്ല. മുന്നേറ്റങ്ങളില്‍ പരഗ്വായിയും ഒട്ടും പുറകിലല്ലായിരുന്നു. ഏക ഗോളിന് നെയ്മറും സംഘവും വിജയം പിടിച്ചെടുക്കുമെന്ന് തോന്നിച്ച നിമിഷത്തിലാണ് രണ്ടാം ഗോള്‍ പിറന്നത്. എതിര്‍ പ്രതിരോധത്തെ നിഷ്പ്രഭമാക്കി നെയ്മറിന്റെ മുന്നേറ്റം.

ആര്‍ക്കും തടയനാകാത്ത വിധം അനായാസമായ മുന്നേറ്റം. പന്ത് പകരക്കാരാനയിറങ്ങിയ പക്വേറ്റക്ക് കൈമാറി. അവസരം നഷ്ടപ്പെടുത്തിയില്ല. രണ്ടാം ഗോള്‍. ലോകകപ്പ് യോഗ്യതാ മത്സരത്തിലെ തുടര്‍ച്ചയായ ആറാം ജയമാണ് ബ്രസീലിന്റെ ദക്ഷിണ അമേരിക്കന്‍ ടീമുകളുടെ പട്ടികയില്‍ ഒന്നാമതും.

അതേസമയം, ബ്രസീലിന്റെ ചിരവൈരികളായ അര്‍ജന്റീനയുടെ കിതപ്പ് തുടരുകയാണ്. കൊളംബിയയോട് അവസാന നിമിഷത്തില്‍ സമനില വഴങ്ങി. യോഗ്യതാ റൗണ്ടിലെ തുടര്‍ച്ചയായ രണ്ടാം സമനിലയാണ് മെസിയുടേയും കൂട്ടരുടേയും. പോയിന്റ് പട്ടികയില്‍ ബ്രസീലിന് പിന്നിലായി രണ്ടാമതാണ് ടീം.

ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടി. ക്രിസ്റ്റ്യന്‍ റൊമീറോയും, ലിയാന്‍ഡ്രോ പരേഡസുമാണ് അര്‍ജന്റീനയുടെ സ്കോറര്‍മാര്‍. ലൂയിസ് ഫെര്‍ണാണ്ടോയും, മിഗേല്‍ ബോറയും ഗോള്‍ നേടി.