ബംഗളൂരു: ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട കള്ളപ്പണകേസിൽ കസ്റ്റഡിയിലുള്ള ബിനീഷ് കോടിയേരി ചോദ്യം ചെയ്യലുകളോട് സഹകരിക്കുന്നില്ലെന്ന് നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ. തുടർച്ചയായ രണ്ടാം ദിവസവും ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്. അനൂപ് മുഹമ്മദിന് ബിസിനസ് ആവശ്യത്തിന് മാത്രമാണ് പണം നൽകിയതെന്ന വാദത്തിൽ ഉറച്ച് നിൽക്കുകയാണ് ബിനീഷെന്ന് എൻസിബി് ഉദ്യോഗസ്ഥർ അറിയിച്ചു.

അനൂപ് മുഹമ്മദ് എൻഫോഴ്‌സ്‌മെന്റിനും നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോക്കും നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. നാളെ വൈകിട്ട് കോടതിയിൽ ഹാജരാക്കുന്നതിന് മുൻപായി പരമാവധി വിവരങ്ങൾ ശേഖരിക്കാനാണ് എൻസിബി ശ്രമം.

അനൂപിന് പണം നൽകിയിട്ടുണ്ടെന്ന് ബിനീഷ് ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ഇഡിയുടെ പല കണ്ടെത്തലുകളെ കുറിച്ചുള്ള ചോദ്യങ്ങൾക്കും അറിയില്ലെന്നുള്ള ഉത്തരമാണ് ബിനീഷ് ആവർത്തിക്കുന്നത്. അതേസമയം എൻഫോഴ്‌സ്‌മെന്റ് അറസ്റ്റിനെതിരെ ബിനീഷ് കോടിയേരി കർണാടക ഹൈക്കോടതിയിൽ നൽകിയ ഹർജി ഇന്ന് പരിഗണിക്കില്ല.