തൃശൂര്‍: ബിജെപിയെ തകര്‍ക്കാനുള്ള ക്വട്ടേഷന്‍ സംഘത്തിന്‍റെ ക്യാപ്റ്റനായി മാറിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് എ എന്‍ രാധാകൃഷ്ണന്‍. കുഴല്‍പ്പണക്കേസില്‍ ബിജെപിയെ തകര്‍ക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്നു എന്നാണ് ബിജെപി നേതാവ് ആരോപിച്ചത്. തൃശൂരില്‍ വച്ച്‌ നടന്ന വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്ത് നീക്കങ്ങള്‍ ഉണ്ടായാലും ബിജെപി എല്ലാ വെല്ലുവിളികളെയും അതിശക്തമായി തന്നെ നേരിടുക തന്നെ ചെയ്യുമെന്ന് രാധാകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കൊടകര സംഭവത്തില്‍ വാദിയെ പ്രതിയാക്കാനാണ് സര്‍ക്കാരും അന്വേഷണ സംഘവും ശ്രമിക്കുന്നതെന്നും, വെറുക്കപ്പെട്ട വ്യക്തികളാണ് കേസ് അന്വേഷിക്കുന്നതെന്നും രാധാകൃഷ്ണന്‍ ആരോപിച്ചു.
‘അന്വേഷണ സംഘത്തിലെ ഡി വൈ എസ് പി സോജന്‍ വെറുക്കപ്പെട്ട വ്യക്തിയാണ്. മറ്റൊരു എസിപി വി കെ രാജു ഇടതു സഹയാത്രികനാണ്,’ രാധാകൃഷ്ണന്‍ പറഞ്ഞു. കേസിലെ പ്രതി മാര്‍ട്ടിന്‍ സി പി ഐ പ്രവര്‍ത്തകനാണെന്നും പ്രതിയുടെ പക്കലുള്ള രേഖകള്‍ പരിശോധിച്ചാല്‍ ഒരുപക്ഷേ കൊടുങ്ങല്ലൂര്‍ എം എല്‍ എയെ ചോദ്യം ചെയ്യേണ്ട സാഹചര്യം വന്നേക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതികളുടെ രാഷ്ട്രീയ ബന്ധം അന്വേഷണ ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ പുറത്തുവിടണമെന്നും രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു.

ബിജെപിയെ പൊതുസമൂഹത്തിന് മുന്നില്‍ തേജോവധം ചെയ്യാനുള്ള നീക്കങ്ങള്‍ക്കെതിരെ സംസ്ഥാനത്ത് ഈ മാസം പത്ത് മുതല്‍ അതിശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനുമാണ് ബിജെപി തീരുമാനം.
ബിജെപിയെ എതിര്‍ക്കുന്നതില്‍ ഭരണപക്ഷവും പ്രതിപക്ഷവും ഒറ്റക്കെട്ടാണെന്നും നിയമസഭയില്‍ പോലും പിണറായി വിജയനും വിഡി സതീശനും ചേട്ടനും അനിയനും കളിക്കുകയാണെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.