ന്യൂഡല്‍ഹി: രാജ്യത്ത് അടിയന്തിര സാഹചര്യം നേരിടാന്‍ ഒരു ലക്ഷത്തോളം സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് അത്യാവശ്യ മെഡിക്കല്‍ സേവനങ്ങളില്‍ പരിശീലനം നല്‍കാന്‍ ഒരുങ്ങി ബിജെപി. വെന്റിലേറ്ററുകള്‍ ഉള്‍പ്പെടെയുളള അടിയന്തിര മെഡിക്കല്‍ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനുളള പരിശീലനമാണ് നല്‍കുക. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നത തല യോഗത്തിലാണ് തീരുമാനം.

ജെ പി നദ്ദയുടെ വസതിയില്‍ വെച്ച്‌ നടന്ന യോഗത്തില്‍ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറിമാരും യുവ, കിസാന്‍, മഹിള, ഒബിസി, എസ്‌സി, എസ്ടി, ന്യൂനപക്ഷ മോര്‍ച്ചകളുടെ പ്രസിഡന്റുമാരും പങ്കെടുത്തു. തുടര്‍ന്ന് ജെപി നദ്ദ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.
കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ വിലയിരുത്തി. അടുത്തിടെ നടന്ന നിയമസഭ തെരഞ്ഞെടുപ്പിലെ പ്രകടനവും യോഗത്തില്‍ ചര്‍ച്ചയായിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം ബംഗാളില്‍ നടന്ന അക്രമങ്ങളെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്തു. രാജ്യത്തെ കര്‍ഷകര്‍ക്ക് പോഷന്‍ അഭയാനിലൂടെ പരിശീലനം നല്‍കാന്‍ കിസാന്‍ മോര്‍ച്ചയോടും പോഷകാഹാരക്കുറവ് പരിഹരിക്കാന്‍ മഹിളാ മോര്‍ച്ചയ്ക്കും നിര്‍ദ്ദേശം നല്‍കിയതായും ബിജെപി ജനറല്‍ സെക്രട്ടറി ഭൂപേന്ദ്ര യാദവ് വ്യക്തമാക്കി.