കോവിഡ് പ്രതിസന്ധി പിടിച്ചുലച്ച ഇന്ത്യന്‍ ക്രിക്കറ്റ് മത്സരങ്ങള്‍ വരാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിലൂടെ പുനരാരംഭിക്കുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ ഒന്നടങ്കം വളരെ ആവേശത്തോടെയാണ് ഈ മത്സരങ്ങള്‍ നോക്കിക്കാണുന്നത്. പര്യടനത്തിലെ മത്സരങ്ങള്‍ക്കായി മൂന്ന് ദിവസം മുന്‍പ് ഇന്ത്യന്‍ ടീം ലണ്ടനില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. കര്‍ശന ക്വാറന്റൈനു ശേഷം ഇന്ന് ഇന്ത്യന്‍ ടീം പരിശീലനത്തിനിറങ്ങും. ജൂണ്‍ 18ന് ന്യൂസിലന്‍ഡിനെതിരെ നടക്കുന്ന പ്രഥമ ലോക ടെസ്റ്റ്‌ ചാമ്ബ്യന്‍ഷിപ്പിന്റെ ഫൈനലിലാണ് ഇന്ത്യ ആദ്യം ഇറങ്ങുക. നിലവില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്ബരയിലൂടെ ന്യൂസിലന്‍ഡിന്‍റെ തയ്യാറെടുപ്പ് പുരോഗമിക്കുകയാണ്. ഫൈനലിന് ശേഷം ഇന്ത്യക്ക് ഇംഗ്ലണ്ടിനെതിരെ അഞ്ചു മത്സരങ്ങള്‍ അടങ്ങിയ ടെസ്റ്റ്‌ പരമ്ബരയും കളിക്കേണ്ടതുണ്ട്. അതിനാല്‍ ഇനിയുള്ള മൂന്ന് മാസക്കാലം ഇന്ത്യന്‍ ടീം ഇംഗ്ലണ്ടില്‍ ആയിരിക്കും.

രണ്ട് ടീമുകള്‍ക്കെതിരെയും ഉള്ള മത്സരങ്ങള്‍ ഇന്ത്യക്ക് അഭിമാന പ്രശ്നങ്ങളാണ്. അതിനാല്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യന്‍ ടീം ആഗ്രഹിക്കുന്നില്ല. ഒന്നാമത്തെ കാര്യം എം എസ് ധോണിക്ക് ശേഷം ഇന്ത്യന്‍ ടീം നേരിടുന്ന കിരീട വരള്‍ച്ചയാണ്. മൂന്ന് ഫോര്‍മാറ്റിലും വിദേശത്തും നാട്ടിലും പരമ്ബരകള്‍ ടീം നേടുന്നുണ്ടെങ്കിലും ഐ സി സിയുടെ ഒരു ട്രോഫി കിട്ടാക്കനി തന്നെയാണ്. അഞ്ച് ഐ സി സി ടൂര്‍ണമെന്റുകളും എട്ടുവര്‍ഷവും ഇതുവരെ പിന്നിട്ടെങ്കിലും ഇന്ത്യ ഒരു കപ്പ് പോലും നേടാന്‍ ഇന്ത്യക്ക് കഴിഞ്ഞിട്ടില്ല. മൂന്ന് തവണ സെമിയിലും രണ്ട് തവണ ഫൈനലിലും ഇന്ത്യ തോല്‍ക്കുകയായിരുന്നു.

രണ്ടാമത്തെ കാര്യം, ഫൈനലിലെ എതിരാളികള്‍ ന്യൂസിലന്‍ഡ് ആണെന്നതാണ്. 2019ലെ ഏകദിന ലോകകപ്പ് സെമിഫൈനലില്‍ ന്യൂസിലന്‍ഡിനോട് തോറ്റാണ് ഇന്ത്യ പുറത്താകുന്നത്. ടെസ്റ്റ്‌ ചാമ്ബ്യന്‍ഷിപ്പിന്‍റെ ഭാഗമായി ന്യൂസിലന്‍ഡിനെതിരെ നടന്ന ടെസ്റ്റ്‌ പരമ്ബരയിലും ഇന്ത്യക്ക് തോല്‍വിയായിരുന്നു ഫലം. അതിനാല്‍ തന്നെ എന്ത് വില കൊടുത്തും ഫൈനല്‍ ജയിക്കേണ്ടത് ഇന്ത്യക്ക് അത്യാവശ്യമാണ്. ഇതിനെചൊല്ലി ഇരു ടീമുകളുടെയും ആരാധകര്‍ തമ്മില്‍ സമൂഹമാധ്യമങ്ങളില്‍ വാക്പോരുകളും നടക്കുന്നുണ്ട്.

ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തിന്റെ കാര്യത്തിലും സ്ഥിതി ഇതുതന്നെയാണ്. ഇന്ത്യക്ക് ടെസ്റ്റ്‌ ചാമ്ബ്യന്‍ഷിപ്പ് ഫൈനല്‍ പോലെ തന്നെ പ്രധാനപ്പെട്ടതാണ് ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ്‌ പരമ്ബരയും. ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ അവരുടെ നാട്ടില്‍ നടക്കുന്ന ടെസ്റ്റ്‌ പരമ്ബര പട്ടൗഡി ട്രോഫി എന്നാണ് അറിയപ്പെടുന്നത്. 2007ന് ശേഷം ഇന്ത്യക്ക് ഇത് സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടില്ല. രാഹുല്‍ ദ്രാവിഡിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്ന് ഇന്ത്യക്ക് പരമ്ബര നേടിതന്നത്. 2018ലാണ് ഇത്‌ അവസാനമായി നടന്നത്. ജോസ് ബട്ട്ലറുടെ നേതൃത്വത്തില്‍ ഇറങ്ങിയ ഇംഗ്ലണ്ട് ടീം വിരാട് കോഹ്ലിയെയും കൂട്ടരെയും 4-1ന് തകര്‍ത്ത് വിട്ടിരുന്നു.