ന്യൂയോർക്ക്: അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അക്കൗണ്ടിനേർപ്പെടുത്തിയ വിലക്ക് നീട്ടി ഫേസ്ബുക്ക്. രണ്ട് വർഷത്തേക്ക് കൂടിയാണ് ട്രംപിന്റെ അക്കൗണ്ട് സസ്‌പെൻഡ് ചെയ്തത്. ജനുവരി ആറിന് ക്യാപിറ്റോൾ കലാപവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ നടത്തിയ പരാമർശങ്ങളിലാണ് നടപടി.

രാഷ്ട്രീയക്കാർക്കും, തെരഞ്ഞെടുപ്പിലൂടെ പദവിയിലെത്തുന്ന ഉദ്യോഗസ്ഥർക്കും നൽകുന്ന പ്രത്യേക പരിഗണനകൾ എടുത്തു കളയാൻ കഴിഞ്ഞ ദിവസം സമൂഹ മാദ്ധ്യമം തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിനെതിരായ നടപടി. 2023 ജനുവരി വരെ വിലക്ക് തുടരാനാണ് ഫേസ്ബുക്കിന്റെ തീരുമാനം എന്നാണ് റിപ്പോർട്ടുകൾ.

ക്യാപിറ്റോൾ കലാപത്തിന് പിന്നാലെ ജനുവരി ഏഴിനാണ് ഫേസ്ബുക്ക് ട്രംപിന് വിലക്കേർപ്പെടുത്തിയത്. ആജീവനാന്ത വിലക്കാണ് ഏർപ്പെടുത്തിയിരുന്നത്. എന്നാൽ പിന്നീട് തീരുമാനം ഫേസ്ബുക്ക് രൂപീകരിച്ച സ്വന്ത്ര ബോർഡ് തീരുമാനം പുനപരിശോധിച്ചിരുന്നു എങ്കിലും വിലക്ക് തുടരാൻ നിർദ്ദേശിക്കുകയായിരുന്നു. ആജീവനാന്ദ വിലക്ക് വേണ്ടെന്നും ബോർഡ് തീരുമാനിച്ചിരുന്നു.

ക്യാപിറ്റോൾ കലാപത്തോട് അനുബന്ധിച്ച് നടത്തിയ പരാമർശങ്ങളിൽ ട്രംപിന് ട്വിറ്ററും യൂട്യൂബും വിലക്ക് ഏർപ്പെടുത്തിയിരുന്നു.