കോവിഡ് വ്യാപിച്ച്‌ കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇനി രക്തത്തിന് പകരം ഉമിനീര്‍ ഉപയോഗിച്ച്‌ ആന്റിബോഡികളുടെ സാന്നിധ്യം കണ്ടെത്താമെന്ന് തെളിയിച്ചിരിക്കുകയാണ് അമേരിക്കയിലെ ജോണ്‍സ് ഹോപ്കിന്‍സ് ബ്ലൂംബെര്‍ഗ് സ്കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത്. സാംപിളെടുത്ത് മണിക്കൂറുകള്‍ക്കുള്ളില്‍ ഉമിനീരിലെ ആന്റിബോഡി സാന്നിധ്യം തിരിച്ചറിയാനാകുമെന്ന് ഇവിടുത്തെ ഗവേഷകര്‍ പറയുന്നു.

സാര്‍സ് കോവ്-2 ബാധിക്കപ്പെട്ടെന്ന് തെളിഞ്ഞ 24 രോഗികളുടെയും ഉമിനീരില്‍ ലക്ഷണങ്ങള്‍ വന്ന് രണ്ടാഴ്ചയ്ക്ക് ശേഷം ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയതായി ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

കോവിഡ് മഹാമാരിക്ക് മുന്‍പ് ശേഖരിച്ച്‌ വച്ചിരുന്ന സാംപിളുകള്‍ 100 ശതമാനവും പരിശോധനയില്‍ നെഗറ്റീവ് ഫലവും കാണിച്ചു. ഇത്തരത്തിലുള്ള 134 സാംപിളുകളാണ് നെഗറ്റീവായത്. ഇത് പരിശോധനയുടെ കൃത്യത ഉറപ്പ് നല്‍കുന്നതായി ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു.

കോവിഡ് ബാധിതരുടെ രക്തത്തില്‍ ആന്റിബോഡികള്‍ കണ്ട് തുടങ്ങുന്ന കാലയളവില്‍ തന്നെ ഉമിനീരിലും അവയുടെ സാന്നിധ്യമുണ്ടാകുമെന്നും പരീക്ഷണങ്ങള്‍ വെളിപ്പെടുത്തുന്നു. IgM ആന്റിബോഡികള്‍ അണുബാധയുടെ ആദ്യ ഘട്ടത്തിലും IgG ആന്റിബോഡികള്‍ പിന്നീടുമാണ് ശരീരത്തിലുണ്ടാകുന്നത്.

കോവിഡ് രോഗലക്ഷണങ്ങള്‍ കണ്ട് തുടങ്ങി 10 ദിവസങ്ങള്‍ക്ക് ശേഷം ശരീരത്തില്‍ കണ്ട് തുടങ്ങുന്ന IgG ആന്റിബോഡികള്‍ മാസങ്ങളോളം രക്തത്തിലും ഉമിനീരിലും തുടരാം. ക്ലിനിക്കല്‍ മൈക്രോ ബയോളജി ജേണലിലാണ് ഇത് സംബന്ധിച്ച പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.