ചെന്നൈ: നടൻ വിജയ് സേതുപതിയുടെ മകൾക്ക് നേരെ ബലാത്സംഗ ഭീഷണി. ശ്രീലങ്കൻ സ്പിന്നിംഗ് ഇതിഹാസം മുത്തയ്യ മുരളീധരന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന 800 എന്ന ചിത്രത്തിൽ നിന്നും വിജയ് സേതുപതി പിന്മാറിയതിന് പിന്നാലെയാണ് താരത്തിന്റെ പ്രായപൂർത്തിയാകാത്ത മകൾക്ക് നേരെ ബലാത്സംഗ ഭീഷണി ഉയർന്നത്. ട്വിറ്ററിലൂടെയാണ് ഭീഷണി സന്ദേശം വന്നത്.

റിഥിക് എന്ന പേരിലുള്ള ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് ഭീഷണി സന്ദേശം ലഭിച്ചിരിക്കുന്നത്. ശ്രീലങ്കയിലെ തമിഴർ നയിക്കുന്ന ദുഷ്‌കരമായ ജീവിതം മനസിലാക്കാൻ വേണ്ടി മകളെ ബലാത്സംഗം ചെയ്യുമെന്നാണ് ഭീഷണി. ചിത്രത്തിൽ മുത്തയ്യ മുരളീധരനായി വിജയ് സേതുപതി അഭിനയിക്കുമെന്നായിരുന്നു നേരത്തെയുള്ള തീരുമാനം. കഴിഞ്ഞ ദിവസമാണ് ചിത്രത്തിൽ നിന്നും പിന്മാറുന്നതായി വിജയ് സേതുപതി അറിയിച്ചത്. വ്യാപക പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് ചിത്രത്തിൽ നിന്നും പിന്മാറാൻ വിജയ് സേതുപതി തീരുമാനിച്ചത്.

ശ്രീലങ്കയിലെ തമിഴ് വംശജരെ അടിച്ചമർത്തിയ രാഷ്ട്രീയക്കാരെ പിന്തുണച്ച മുത്തയ്യ മുരളീധരനെ അവതരിപ്പിക്കുന്നതിനെതിരെയാണ് തമിഴ്‌നാട്ടിലും തമിഴ് വംശജരിലും പ്രതിഷേധം ഉയർന്നത്. കടുത്ത പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ വിജയ് സേതുപതിയോട് ചിത്രത്തിൽനിന്ന് പിൻമാറണമെന്ന് മുരളീധരൻ അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് ചിത്രത്തിൽ നിന്നും പിന്മാറുന്നതായി വിജയ് സേതുപതി അറിയിച്ചത്.