പനജി: ഗോവ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവച്ചതിന് പിന്നാലെ ന്യൂനപക്ഷ വിഭാഗം മുന്‍ ചെയര്‍മാര്‍ ഉര്‍ഫാന്‍ മുല്ല അനുയായികളോടൊപ്പം ബി.ജെ.പിയിലേക്ക് പോയിരിക്കുന്നു. ബുധനാഴ്ച വൈകീട്ട് അംഗത്വം സ്വീകരിക്കുമെന്ന് ബി.ജെ.പി വൃത്തങ്ങള്‍ അറിയിക്കുകയുണ്ടായി.

ചൊവ്വാഴ്ചയാണ് ഉര്‍ഫാന്‍ ഗോവ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെച്ചത്. ‘ഞാന്‍, ഉര്‍ഫാന്‍ മുല്ല, ഗോവപ്രദേശ് കോണ്‍ഗ്രസിന്‍റെ എല്ലാ അംഗത്വത്തില്‍ നിന്നും രാജിവെക്കുന്നു. നിങ്ങളുടെ പിന്തുണക്കും ആശംസകള്‍ക്കും നന്ദി’ അദ്ദേഹം കത്തില്‍ പറയുകയാണ്.

കോണ്‍ഗ്രസിലെ മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ക്കിടയില്‍ ഐക്യത്തിന്‍റെ അഭാവമുണ്ടെന്നും വ്യക്തിപരമായ നേട്ടങ്ങള്‍ക്കായി മാത്രമാണ് അവര്‍ പോരാടുന്നതെന്നും മുല്ല നേരത്തെ പറഞ്ഞിരുന്നു. അതിനാല്‍ പാര്‍ട്ടിയോ ന്യൂനപക്ഷ പ്രശ്‌നങ്ങളോ ആരെയും അലട്ടുന്നില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു.