തിരുവനന്തപുരം: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശപത്രിക സൂക്ഷ്മപരിശോധനയില്‍ നിരസിക്കുന്നതിന് മുമ്ബ് കേരള പഞ്ചായത്ത് രാജ്/കേരള മുനിസിപ്പാലിറ്റി ആക്ടുകള്‍ വ്യക്തമായി പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്കരന് നിര്‍ദേശിച്ചു.
നവംബര്‍ 20നാണ് നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന. നവംബര്‍ 19നും പത്രിക സമര്‍പ്പിക്കാം. സ്ഥാനാര്‍ഥി തദ്ദേശഭരണ സ്ഥാപന അംഗമാകാന്‍ നിയമാനുസൃതം യോഗ്യനല്ലെന്ന് വ്യക്തമായാല്‍ പത്രിക നിരസിക്കപ്പെടും. മൂന്നു മണിക്ക് ശേഷം പത്രിക സമര്‍പ്പിക്കാന്‍ പാടില്ല. സ്ഥാനാര്‍ഥിയോ അല്ലെങ്കില്‍ നാമനിര്‍ദ്ദേശം ചെയ്യുന്നയാളോ അല്ലാതെ മറ്റാരെങ്കിലും പത്രിക സമര്‍പ്പിക്കരുത്.
പത്രിക നിശ്ചിത 2ാം നമ്ബര്‍ ഫോറത്തില്‍ തന്നെ സമര്‍പ്പിക്കണം. പത്രികയില്‍ സ്ഥാനാര്‍ഥിയും നാമനിര്‍ദേശം ചെയ്തയാളും ഒപ്പിട്ടിരിക്കണം. സ്ഥാനാര്‍ഥി മത്സരിക്കുന്ന തദ്ദേശ സ്ഥാപനത്തിലെ ഏതെങ്കിലും വാര്‍ഡിലെ വോട്ടര്‍ ആയിരിക്കണം. നാമനിര്‍ദേശം ചെയ്യുന്നയാള്‍ സ്ഥാനാര്‍ഥി മത്സരിക്കുന്ന വാര്‍ഡിലെ വോട്ടറായിരിക്കണം.
ഒരാള്‍ ഒരു തദ്ദേശ സ്ഥാപനത്തിലെ ഒന്നിലധികം വാര്‍ഡുകളിലേക്ക് പത്രിക സമര്‍പ്പിക്കാന്‍ പാടില്ല. കൂടാതെ സ്ഥാനാര്‍ഥി യഥാവിധി പണം കെട്ടിവെക്കുകയും സത്യപ്രതിജ്ഞ അല്ലെങ്കില്‍ ദൃഢപ്രതിജ്ഞ ചെയ്ത് ഒപ്പിടുകയും വേണം. സ്ത്രീയ്ക്കോ പട്ടികജാതിക്കോ പട്ടികവര്‍ഗത്തിനോ ആയി സംവരണം ചെയ്ത വാര്‍ഡിലേക്ക് ഈ വിഭാഗത്തില്‍പ്പെടാത്തവര്‍ പത്രിക സമര്‍പ്പിക്കരുത്.
സ്ഥാനാര്‍ഥി പത്രികയില്‍ വയസ് കൃത്യമായി രേഖപ്പെടുത്തണം. സ്ഥാനാര്‍ഥി വേറെ ഏതെങ്കിലും നിയോജകമണ്ഡലത്തിലെ സമ്മതിദായകനായിരിക്കുന്നിടത്ത് ബന്ധപ്പെട്ട വോട്ടര്‍ പട്ടികയോ പ്രസക്ത ഭാഗമോ പ്രസക്ത ഭാഗത്തിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പോ നാമനിര്‍ദേശ പത്രികക്കൊപ്പമോ അല്ലെങ്കില്‍ സൂക്ഷ്മപരിശോധനാ സമയത്തോ ഹാജരാക്കണം.
ഒരു സ്ഥാനാര്‍ഥി സമര്‍പ്പിച്ച എല്ലാ പത്രികകളും തള്ളിയാല്‍ കാരണങ്ങള്‍ ഉടന്‍ രേഖപ്പെടുത്തി ഉത്തരവിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് നല്‍കും. ഏതെങ്കിലും ഒരു പത്രിക സ്വീകരിച്ചിട്ടുണ്ടെങ്കില്‍ തള്ളിയ പത്രികകളെ സംബന്ധിച്ച് ഉത്തരവിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സ്ഥാനാര്‍ഥി ആവശ്യപ്പെട്ടാല്‍ നല്‍കണം.
സ്വീകരിക്കപ്പെട്ട നാമനിര്‍ദ്ദേശപത്രികളുടെ കാര്യത്തില്‍ അവ സ്വീകരിക്കാനിടയായ കാരണങ്ങള്‍ വരണാധികാരി വ്യക്തമാക്കണമെന്നില്ല. എന്നാല്‍ ഒരു നാമനിര്‍ദ്ദേശ പത്രിക സ്വീകരിപ്പെടുന്നതില്‍ ആക്ഷേപം ഉന്നയിച്ചിട്ടുള്ള സംഗതികളില്‍ പ്രസ്തുത ആക്ഷേപം നിരസിച്ചുകൊണ്ട് എന്തുകൊണ്ട് പത്രിക സ്വീകരിക്കപ്പെട്ടു എന്ന കാര്യം വരണാധികാരി വ്യക്തമാക്കണം.