ചെന്നൈ: സീരിയല്‍ നടന്‍ സെല്‍വരത്നത്തെ വെട്ടിക്കൊന്ന കേസില്‍ വിരുദുനഗര്‍ സ്വദേശി വിജയകുമാറിനെ (30) എംജിആര്‍ നഗര്‍ പൊലീസ് അറസ്റ്റ് ചെയ്തു.

വിജയകുമാറിന്റെ ഭാര്യയും നടനും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നും ഇതെ തുടര്‍ന്നാണു നടനെ കൊലപ്പെടുത്തിയതെന്നു പൊലീസ് പറഞ്ഞു. കൊലപാതകവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചെന്നും അതില്‍ വിജയകുമാറിന്റെ സാന്നിധ്യമുണ്ടെന്നുമാണ് പൊലീസ് പറയുന്നത്.

പ്രമുഖ തമിഴ് സീരിയല്‍ നടനായ സെല്‍വരത്‌നത്തെ (41) രണ്ടു ദിവസം മുന്‍പാണ് അജ്ഞാത സംഘം വെട്ടിക്കൊന്നത്. വിജയകുമാറും സെല്‍വരത്‌നവും ശ്രീലങ്കന്‍ അഭയാര്‍ഥികളാണ്. 10 വര്‍ഷമായി സിനിമ, സീരിയല്‍ രംഗത്തു സജീവമാണ് സെല്‍വരത്‌നം.

കഴിഞ്ഞ ശനിയാഴ്ച സീരിയല്‍ ചിത്രീകരണത്തിനു പോകാതെ സുഹൃത്തിനൊപ്പം തങ്ങിയ സെല്‍വരത്‌നം ഞായറാഴ്ച പുലര്‍ച്ചെ ഒരു ഫോണ്‍ കോള്‍ വന്നതിനെ തുടര്‍ന്ന് പുറത്തേക്കു പോകുകയായിരുന്നു. ഞായറാഴ്ച രാവിലെ 6.30 ന് എംജിആര്‍ നഗറില്‍ വച്ചാണ് സെല്‍വരത്‌നം ആക്രമിക്കപ്പെട്ടതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഓട്ടോറിക്ഷയില്‍ എത്തിയ അക്രമികള്‍ കുത്തിയും വെട്ടിയും നടനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.