ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ ഏഴ് വിക്കറ്റ് ജയം നേടി രാജസ്ഥാന്. ചെന്നൈ ഉയര്‍ത്തിയ 126 റണ്‍സ് വിജയലക്ഷ്യം രാജസ്ഥാന് 17.3 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. നാലാം ജയത്തോടെ രാജസ്ഥാന് പോയന്റ് പട്ടികയില്‍ മുന്നേറിയപ്പോള്‍ ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകള്‍ ഇതോടെ മങ്ങി.
അഞ്ച് ഓവറിനുള്ളില്‍ മൂന്നു വിക്കറ്റുകള്‍ നഷ്ടപ്പെടുത്തിയ രാജസ്ഥാന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നെങ്കിലും സ്റ്റീവ് സ്മിത്ത് – ജോസ് ബട്ട്ലര്‍ സഖ്യമാണ് രാജസ്ഥാന്റെ വിജയശില്പികള്. 48 പന്തില്‍ നിന്ന് രണ്ടു സിക്സും ഏഴ് ഫോറുമടക്കം 70 റണ്‍സോടെ ബട്ട്ലര്‍ പുറത്താകാതെ നിന്നു.
സ്മിത്ത് 34 പന്തുകള്‍ നേരിട്ട് 26 റണ്‍സെടുത്തു. നാലാം വിക്കറ്റില്‍ 98 റണ്‍സാണ് ഇരുവരും നേടിയത്. 19 റണ്‍സെടുത്ത ബെന്‍ സ്റ്റോക്ക്സ്, റോബിന് ഉത്തപ്പയും (4), സഞ്ജു സാംസണ് എന്നിവരാണ് പവര്‍പ്ലേ ഓവറില്‍ തന്നെ മടങ്ങിയത്. റണ്ണൊന്നുമെടുക്കാതെയാണ് സഞ്ജു പുറത്തായത്.
ഈ ഘട്ടത്തില്‍ 31 റണ്‍സായിരുന്നു രാജസ്ഥാന്റെ സ്കോര്‍ബോര്‍ഡിലുണ്ടായിരുന്നത്. നേരത്തെ കണിശമായി പന്തെറിഞ്ഞ രാജസ്ഥാന് ബൗളര്‍മാര്‍ ഒരു ഘട്ടത്തില്‍ പോലും ചെന്നൈ ബാറ്റിങ് നിരയെ കൂറ്റനടിക്ക് സമ്മതിക്കാതെ പിടിച്ചു നിര്‍ത്തിയതാണ് ചെന്നൈ സ്കോര്‍ 125ല്‍ ഒതുക്കാന്‍ സഹായിച്ചത്.
30 പന്തില്‍ 35 റണ്‍സെടുത്ത രവീന്ദ്ര ജഡേജയാണ് ചെന്നൈയുടെ ടോപ് സ്കോറര്‍. ക്യാപ്റ്റന്‍ ധോനി 28 പന്തില്‍ 28 റണ്‍സെടുത്തു. ഓപണര്‍ സാം കറന് 22 റണ്‍സെടുത്തു. ചെന്നൈ ഇന്നിങ്സിലെ ഏക സിക്സ് നേടിയ കറനാണ്.
തന്റെ 200-ാം ഐപിഎല്‍ മത്സരത്തിനിറങ്ങിയ ചെന്നൈ ക്യാപ്റ്റന്‍ എം എസ് ധോനി ടോസ് നേടിയ ശേഷം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.