ന്യൂഡല്‍ഹി: നിയുക്ത അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡനുമായി ആദ്യമായി സംവദിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. ചൊവ്വാഴ്ച രാത്രിയാണ് പ്രധാനമന്ത്രി ജോ ബൈഡനുമായി ഫോണില്‍ സംസാരിച്ചത്. തിരഞ്ഞെടുപ്പ് വിജയത്തില്‍ ജോ ബൈഡനേയും കമല ഹാരിസിനെയും പ്രധാനമന്ത്രി അഭിനന്ദനങ്ങള്‍ അറിയിച്ചു.

കോവിഡ് മഹാമാരിയുടെ വ്യാപനം, പ്രതിരോധ മാര്‍ഗങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്ത പ്രധാനമന്ത്രി, ഇന്‍ഡോ പസഫിക് മേഖലയില്‍ ഉയരുന്ന വെല്ലുവിളികളെ കുറിച്ചും സംസാരിച്ചു. പ്രസ്തുത മേഖലയില്‍ ഏതുരീതിയിലും സഹകരിക്കാനുള്ള ഇന്ത്യയുടെ സന്നദ്ധത നരേന്ദ്രമോദി ഊന്നിപ്പറഞ്ഞു. ഇരുരാജ്യങ്ങള്‍ക്കും ഒരുപോലെ അപകടകരമായ ഇന്‍ഡോ-പസഫിക് മേഖലയിലെ അധിനിവേശം ചെറുക്കാന്‍ ഇന്ത്യ സദാ ബാധ്യസ്ഥരായിരിക്കും എന്നും നരേന്ദ്രമോദി വ്യക്തമാക്കി.

ആഗോള കാലാവസ്ഥാ വ്യതിയാനവും ഇരു രാഷ്ട്രീയ നേതാക്കള്‍ക്കും ഇടയില്‍ ചര്‍ച്ചയായി. ഏറ്റവും മലിനീകരിക്കപ്പെട്ട രാജ്യങ്ങളിലൊന്നായി ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയെ വിശേഷിപ്പിച്ചതിന് പിറകെയാണ് പ്രധാനമന്ത്രിയുടെ ഈ നീക്കമെന്നത് ശ്രദ്ധേയമാണ്. കമല ഹാരിസിന്റെ ഉജ്ജ്വലമായ ജയം, ഇന്‍ഡോ അമേരിക്കന്‍ സമൂഹത്തിന് അത്യന്തം ആനന്ദകരമാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വളരെ വലിയ പങ്കു വഹിക്കുന്നത് ഈ സമൂഹമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.