ബൈഡന്‍ ട്രാന്‍സിഷന്‍ ടീമിന് വൈറ്റ് ഹൗസ് അധികൃതരുമായി ചര്‍ച്ച നടത്തുവാന്‍ വിസമ്മതിക്കുന്നതും അധികാരക്കൈമാറ്റം മനഃപൂര്‍വം താമസിപ്പിക്കുന്നതും കൊറോണ വൈറസ് മരണം വര്‍ദ്ധിപ്പിക്കുമെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍.

രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണികളാണ് കോവിഡ്19 ഉം സാമ്പത്തിക തകര്‍ച്ചയും. ഇവ രണ്ടും അടിയന്തിരമായി നേരിടേണ്ടതുണ്ടെന്നും അതിന് അനുകൂലസാഹചര്യം സൃഷ്ടിക്കേണ്ട ഉത്തരവാദിത്വം ട്രംപിനുണ്ടെന്നും ബൈഡന്‍ പറഞ്ഞു. നവംബര്‍ 16 ന് ഡെലവെയര്‍ വില്‍മിംഗ്ടണില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ബൈഡന്‍.

പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിട്ടും ജനുവരി 20 വരെ കാത്തിരിക്കേണ്ട സാഹചര്യം ഉണ്ടായാല്‍ കോവിഡിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതിനും മില്യണ്‍ കണക്കിന് അമേരിക്കന്‍ പൗരന്മാരുടെ സുരക്ഷക്കുതകുന്ന കോവിഡ്19 വാക്‌സിന്‍ വിതരണം ചെയ്യുന്നതിനും പിന്നെയും ഒന്നരമാസത്തോളം കാത്തിരിക്കേണ്ടിവരുന്ന അവസ്ഥ അതീവ ഗുരുതരമാണെന്നും ബൈഡന്‍ മുന്നറിയിപ്പു നല്‍കി.