ഇന്ത്യയില്‍ റഷ്യന്‍ കൊവിഡ് വാക്‌സിന്‍ സ്പുട്നിക് 5 ന്റെ പരീക്ഷണം നടത്താന്‍ അനുമതി. ഡോക്. റെഡ്ഡീസ് ലബോറട്ടറീസിനാണ് വാക്‌സിന്‍ പരീക്ഷണം നടത്താന്‍ ഡ്രഗ് കണ്‍ഡ്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കി. അതേസമയം കൊവിഡ് വ്യാപനം കണക്കിലെടുത്ത് ഉത്സവകാലത്ത് ജാഗ്രത കൂട്ടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശിച്ചു. അതിനിടെ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 74 ലക്ഷം കടന്നു.

ഹൈദരാബാദ് കേന്ദ്രീകരിച്ചുള്ള ഡോക്ടര്‍ റെഡ്ഡിസ് ലബോറട്ടറിയാണ് സ്പുട്‌നിക് 5ന്റെ രണ്ട് , മൂന്ന് ഘട്ട പരീക്ഷണം ഇന്ത്യയില്‍ നടത്തുക. രണ്ടാം ഘട്ട പരീക്ഷണം 100 പേരിലും മൂന്നാം ഘട്ട പരീക്ഷണം 1400 പേരിലും നടത്തും.

പരീക്ഷണത്തിന് മുന്‍പ് പ്രതിരോധ ശേഷി, സുരക്ഷിതത്വം സംബന്ധിച്ച പഠനങ്ങള്‍ക്ക് വിധേയമാക്കും. ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്ക് അനുമതി ലഭിച്ചതിന് ശേഷമുള്ള മരുന്ന് വിതരണവും റെഡീസ് ലബോറട്ടറീസ് നടത്തും. പത്ത് ദശലക്ഷം ഡോസുകളാണ് റഷ്യക്ക് പുറത്ത് സ്പുട്‌നിക് വാക്‌സിന്‍ വിതരണം ചെയ്യുന്ന ആര്‍ഡിഐഎഫ് റെഡ്ഡിസ് ലബോറട്ടറിക്ക് കൈമാറുക.

അതിനിടെ പ്രധാനമന്ത്രി രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്തി. വരാനിരിക്കുന്ന ഉത്സവകാലങ്ങളില്‍ സ്ഥിതി മനസിലാക്കി പെരുമാറാന്‍ ശ്രമിക്കണമെന്ന് ജനങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നറിയിപ്പ് നല്‍കി. കൂടാതെ ആഗോള സമൂഹത്തെ മുന്‍നിര്‍ത്തിയാകണം വാക്‌സിന്‍ നിര്‍മാണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

കേന്ദ്ര ആരോഗ്യമന്ത്രി, നീതി ആയോഗ് ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. പുതുതായി 62,212 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. 837 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചു. 113000ത്തിലേക്കാണ് രാജ്യത്തെ മരണസംഖ്യ അടുക്കുന്നത്. രോഗം ഭേദമായവരുടെ എണ്ണം 65 ലക്ഷം കടന്നത് ആശ്വാസ കണക്കായി.