നേരത്തെ പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തല തന്നെ മതിയെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു.എന്നാല്‍ വി.ഡി സതീശനെ പ്രതിപക്ഷ നേതാവാക്കണമെന്ന് ഭൂരിപക്ഷം പേരും അഭിപ്രായപ്പെടുകയായിരുന്നു. നിയമസഭാ കക്ഷിയില്‍ പ്രതിപക്ഷനേതാവാകാനുള്ള ഭൂരിപക്ഷം വി ഡി സതീശനാണെന്ന് കൈരളി ന്യൂസ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ചെന്നിത്തലയുടെ വാക്കുകള്‍ ജനം വിശ്വാസത്തില്‍ എടുക്കുന്നില്ലെന്നും, അടിമുടി അഴിച്ചുപണി നടത്തിയില്ലെങ്കില്‍ ജനപിന്തുണ നഷ്ടപ്പെടുമെന്നുമായിരുന്നു സതീശനെ അനുകൂലിക്കുന്നവരുടെ നിലപാട്.
ചെന്നിത്തലയെ പിന്തുണച്ച ഉമ്മന്‍ചാണ്ടിക്ക് സോഷ്യല്‍ മീഡിയയില്‍ അടക്കം നിറഞ്ഞ വിമര്‍ശനം ഉയര്‍ന്നു വന്നു.എന്നാല്‍ പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തലയെ നിയമിക്കുന്നതിന് സമ്മര്‍ദ്ദം ചെലുത്തിയെന്ന മാധ്യമ വാര്‍ത്തകള്‍ അസംബന്ധമാണെന്ന് പറഞ്ഞ് ഉമ്മന്‍ചാണ്ടി ഇന്നലെ വൈകിട്ട് രംഗത്തെത്തി.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് തീരുമാനം അറിയിച്ചത്.ഹൈക്കമാന്റ് തീരുമാനം മാറ്റത്തിന് വേണ്ടിയാണെന്ന് ഖാര്‍ഗെ പറഞ്ഞു. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി എന്നിവരെ ഖാര്‍ഗെ തീരുമാനം അറിയിച്ചു.

പാര്‍ട്ടിയില്‍ അടിമുടി അഴിച്ചുപണി വേണമെന്ന് കെ.പിസിസി ജനറല്‍സെക്രട്ടറി കെ.പി.അനില്‍ കുമാര്‍ കൈരളി ന്യൂസിനോട് പ്രതികരിച്ചിരുന്നു.ഭരണപക്ഷം യുവനേതൃത്വത്തെ രംഗത്തിറക്കുമ്ബോള്‍ പ്രതിപക്ഷം പഴയ തലമുറയില്‍ നില്‍ക്കുന്നത് പ്രതിച്ഛായയെ ബാധിക്കുമെന്നായിരുന്നു ഭൂരിപക്ഷ അഭിപ്രായം. കഴിഞ്ഞ ദിവസം കോണ്‍ഗ്രസിന്റെ അടിത്തറ തകര്‍ന്നുവെന്ന് കെ മുരളീധരനും കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തകര്‍ന്നു തരിപ്പണമായെന്നും ഗ്രൂപ്പ് രാഷ്ട്രീയം പാര്‍ട്ടിയുടെ അടിത്തറ തകര്‍ത്തുവെന്നും രാജ്‌മോഹന്‍ ഉണ്ണിത്താനും പ്രതികരിച്ചിരുന്നു.