ഇനി മുതല്‍ കേരളത്തില്‍ കേന്ദ്ര അന്വേഷണ ഏജന്‍സിയായ സിബിഐക്ക് നിയന്ത്രണം. നിയന്ത്രണം ഏര്‍പ്പെടുത്തികൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്. സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ കേരളത്തില്‍ അന്വേഷണം നടത്താന്‍ സിബിഐക്ക് ലഭിച്ചിരുന്ന അനുമതി പിന്‍വലിച്ചാണ് പുതിയ വിജ്ഞാപനം ഇറക്കിയിരിക്കുന്നത്. സര്‍ക്കാര്‍ അനുമതിയോ, കോടതി ഉത്തരവ് പ്രകാരമുള്ള സര്‍ക്കാര്‍ അനുമതിയോടെ കൂടിയേ സിബിഐക്ക് ഇനി കേരളത്തില്‍ അന്വേഷണം നടത്തുവാനാകൂ.

ആഭ്യന്തര സെക്രട്ടറി സജ്ഞയ് കൗണാണ് മന്ത്രിസഭ തീരുമാന പ്രകാരം വിജ്ഞാപനമിറക്കിയത്. ലൈഫ് മിഷന്‍ അഴിമതി കേസ് സിബിഐ നേരിട്ട് ഏറ്റെടുത്തതിന് പിന്നാലെയാണ് ഈ തീരുമാനം. എന്നാല്‍, നിലവിലുള്ള സിബിഐ അന്വേഷണങ്ങള്‍ക്ക് ഈ നടപടി ബാധകമാകില്ല. കഴിഞ്ഞ മാസം മഹാരാഷ്ട്ര സര്‍ക്കാരും ഇത്തരത്തില്‍ നടപടി സ്വികരിച്ചിരുന്നു. വൈകാതെ ബംഗാള്‍, ആന്ധ്രാപ്രദേശ്, ഛത്തീസ്ഗ‍ഡ് എന്നീ സംസ്ഥാനങ്ങളും അടുത്തിടെ രാജസ്ഥാന്‍ അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളും ഇത്തരത്തില്‍ സിബിഐക്ക് തടയിട്ടിരുന്നു.