യൂട്യൂബ് റെക്കോര്‍ഡുകള്‍ മറികടന്ന ഗാനമാണ് സായ് പല്ലവിയും ധനുഷും ഒരുമിച്ച് ആടിത്തിമര്‍ത്ത ‘റൗഡി ബേബി’. 2018ല്‍ ഇറങ്ങിയ മാരി 2 വിലെ ഗാനമായിരുന്നു ഇത്. ഡാന്‍സ് നമ്പറായ ‘റൗഡി ബേബി’ ലോകമെമ്പാടും ആരാധകരുള്ള ഗാനമാണ്.

ഇപ്പോള്‍ പുതിയൊരു റെക്കോര്‍ഡ് ഇട്ടിരിക്കുകയാണ് ഗാനം. യൂ ട്യൂബില്‍ വണ്‍ ബില്യണ്‍ അഥവാ 100 കോടി പ്രേക്ഷകരെ നേടുന്ന ആദ്യ ദക്ഷിണേന്ത്യന്‍ ഗാനമായി മാറിയിരിക്കുകയാണ് ‘റൗഡി ബേബി’. നേരത്തെ ബില്‍ബോര്‍ഡ് യൂട്യൂബ് ലിസ്റ്റിലും ഗാനം ഇടം നേടിയിരുന്നു.

പാട്ടിന് ചുവടുകളൊരുക്കിയത് ഇന്ത്യയിലെ തന്നെ മികച്ച നര്‍ത്തകരിലൊരാളായ പ്രഭുദേവയായിരുന്നു. വ്യത്യസ്തമായ ചുവടുകളും ചിത്രീകരണവും പാട്ടിനെ വളരെ പോപ്പുലറാക്കി. ധനുഷും ദിയയുമാണ് ഗാനം ആലപിച്ചത്. യുവാന്‍ ശങ്കര്‍ രാജയാണ് സംഗീത സംവിധാനം.

അതേസമയം ധനുഷിന്റെ തന്നെ ‘വൈ ദിസ് കൊലവെറി’ എന്ന പാട്ട് ഒന്‍പതു വര്‍ഷം തികച്ചു. അതേ ദിവസം തന്നെ റൗഡി ബേബി 100 കോടി പ്രേക്ഷകരെ നേടിയതിലുള്ള സന്തോഷം ധനുഷ് പങ്കുവച്ചു. സായ് പല്ലവിയും ട്വിറ്ററില്‍ ഇതേക്കുറിച്ച് കുറിച്ചിട്ടുണ്ട്.