ദില്ലി; രാജ്യത്തെ 50ശതമാനം ജനങ്ങള്‍ക്കും ഫെബ്രുവരിയോടെ കൊവിഡ് ബാധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്.അതേസമയം ഫെബ്രുവരിയ്ക്ക് ശേഷം രോഗബാധിതരുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേന്ദ്രസര്‍ക്കാരിന്റെ വിദഗ്ദ സമിതിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കമ്മിറ്റിയുടെ കണക്കനുസരിച്ച് രാജ്യത്തെ ജനസംഖ്യയുടെ മുപ്പത് ശതമാനം പേര്‍ക്കും കോവിഡ് -19 ബാധിച്ചിട്ടുണ്ടെന്ന് സമിതി അംഗവും കാണ്‍പൂരിലെ ഇന്ത്യന്‍ ഇന്സ്റ്റ്റിറ്റ്യൂട്ട് ഫോര്‍ ടെക്നോളജി പ്രൊഫസറുമായ മനീന്ദ്ര അഗര്‍വാള്‍ പറഞ്ഞു.ഈ കണക്കുകള്‍ പ്രകാരം 130 കോടി ജനസംഖ്യയില്‍ 50 ശതമാനം പേര്‍ക്കും അടുത്ത ഫെബ്രുവരി മാസത്തോടെ കൊവിഡ് രോഗബാധ പിടിപെടും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ സീറോ സര്‍വ്വേയെ തള്ളുന്നതാണ് വിദഗ്ദ സമിതി റിപ്പോര്‍ട്ട്. സെപ്തംബര്‍ വരെ ജനസംഖ്യയുടെ 14 ശതമാനം പേര്‍ക്ക് മാത്രമേ കൊവിഡ് ബാധിച്ചിട്ടുള്ളൂവെന്നായിരുന്നു നേരത്തേ സര്‍വ്വേ വ്യക്തമാക്കിയത്.
തിങ്കളാഴ്ച വരെ പുറത്തുവിട്ട സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 75 ലക്ഷം കവിഞ്ഞു. സെപ്തംബര്‍ പകുതി കഴിഞ്ഞപ്പോഴേയ്ക്കും രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്ന കാഴ്ചയാണ് ഉള്ളത്. നേരത്തേ ഒരു ലക്ഷത്തിനടുത്ത് രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കില്‍ ഇപ്പോഴത് പ്രതിദിനം 61,390 പുതിയ കേസുകള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യുന്ന അവസ്ഥയിലെത്തി.
അതേസമയം ശരിയായ രീതിയില്‍ മാസ്ക് ധരിക്കാതിരുന്നാല്‍ കൃത്യമായ സാമൂഹിക അകലംപാലിക്കാതിരുന്നാലും രാജ്യത്ത് കൊവിഡ് രോഗികള്‍ 2.6 ദശലക്ഷം വരെ വര്‍ദ്ധിക്കുമെന്ന് കമ്മിറ്റി മുന്നറിയിപ്പ് നല്കി.ദുര്‍ഗാ പൂജ, ദീപാവലി, തുടങ്ങിയ ആഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ രോഗബാധഉയരാന് സാധ്യത ഉണ്ടെന്നും വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കൊവിഡ് മാനദണ്ഡലങ്ങള്‍ സമിതി കര്‍ശനമായി പാലിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.