യുഎസ് ബയോടെക് കമ്പനിയായ മോഡേണ തങ്ങളുടെ കൊവിഡ് വാക്‌സിന്‍ 95 ശതമാനത്തോളം ഫലപ്രദമെന്ന പ്രഖ്യാപനവുമായി രംഗത്ത്. 30,000 ആളുകളെ പങ്കെടുപ്പിച്ചാണ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ക്ലിനിക്കല്‍ ട്രയല്‍ നടത്തിയത്. നേരത്തെ അമേരിക്കന്‍ കമ്പനി തന്നെയായ ഫൈസറും ജര്‍മന്‍ കമ്പനിയായ ബയോഎന്‍ടെക്കും തങ്ങള്‍ ചേര്‍ന്ന് നിര്‍മിച്ച വാക്‌സില്‍ 90 ശതമാനം ഫലപ്രദമാണെന്ന് പ്രഖ്യാപിച്ചിരുന്നു.

പുതിയ സാങ്കേതിക വിദ്യയാണ് ഇരുകമ്പനികളും വാക്‌സിനായി ഉപയോഗിച്ചിട്ടുള്ളത്. ഇതില്‍ മനുഷ്യ നിര്‍മിതമായ മെസെഞ്ചര്‍ ആര്‍എന്‍എകളെ ഉപയോഗിച്ച് മനുഷ്യ കോശങ്ങളെ വാക്‌സിന്‍ നിര്‍മിക്കുന്ന ഫാക്ടറികളാക്കുകയാണ് ചെയ്യുന്നത്.

ഫേസ് 3 പഠനം മോഡേണയുടെ വാക്‌സിന് കൊവിഡിനെ പ്രതിരോധിക്കാനാകുമെന്നതിന്‍റെ ആദ്യ തെളിവാണെന്ന് കമ്പനി മേധാവി സ്റ്റെഫനി ബാന്‍സെല്‍ പറയുന്നു. വളരെ തീവ്രത ഏറിയ രോഗത്തെയും ഈ വാക്‌സിന്‍ ചെറുക്കുമെന്ന് സ്റ്റെഫനി.

തുരങ്കത്തിനുള്ളിലെ വെളിച്ചം കൂടുതല്‍ തിളക്കത്തോടെ പ്രകാശിക്കുന്നുവെന്നാണ് ഇതിനെക്കുറിച്ച് ഹാര്‍വാര്‍ഡ് ആശുപത്രിയിലെ സര്‍ജനായ അതുല്‍ ഗവാണ്ടെ പറഞ്ഞത്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ കൊറോണ വൈറസ് അഡ്വെെസറി ബോര്‍ഡില്‍ അംഗമാണിദ്ദേഹം.

അമേരിക്കയിലും മറ്റു രാജ്യങ്ങളിലും വാക്‌സിന്‍ ഉപയോഗത്തിനായുള്ള അപ്രൂവലിന് ക്രമീകരണങ്ങള്‍ കമ്പനി ചെയ്യുന്നുണ്ടെന്നാണ് വിവരം. ഈ വര്‍ഷ അവസാനം തന്നെ 20 മില്യണ്‍ ഡോസ് വാക്‌സിന്‍ ഉത്പാദിപ്പിക്കാനും തീരുമാനമുണ്ട്.