കൊച്ചി: ഇന്നു സാമൂഹ്യമാധ്യമങ്ങളിലെ താരം ആരോഗ്യമന്ത്രിയായിരുന്ന കെകെ ഷൈലജയാണ്. രണ്ടാം പിണറായി സര്‍ക്കാരില്‍ കെകെ ഷൈലജയെ ഒഴിവാക്കിയതോടെ മുഖ്യമന്ത്രിയെ ട്രോളിയും ഷൈലജയെ വാഴ്ത്തിയുമാണ് സാമൂഹ്യമാധ്യങ്ങള്‍ മന്ത്രിസഭാ വാര്‍ത്തകളെ സ്വീകരിച്ചത്.

മുഖ്യമന്ത്രിയുടെ മരുമകനും ഡിവൈഎഫ്‌ഐ അഖിലേന്ത്യാ അധ്യക്ഷനുമായ പിഎം മുഹമ്മദ് റിയാസിനെ മന്ത്രിയാക്കിയതിനെയും വലിയ തോതിലാണ് പരിഹസിക്കുന്നത്.

അപ്പങ്ങളെമ്പാടും ഒറ്റയ്ക്ക് ചുട്ടമ്മാവന്‍; അമ്മാവന്‍ ചുട്ടത് മരിമോനിക്കായി എന്നാണ് ഒരു ഫേസ്ബുക്ക് പ്രൊഫൈലില്‍ കുറിച്ചത്. ഇതു കിച്ചന്‍ ക്യാബിനറ്റ് ആണെന്ന വിമര്‍ശനവും ചില പ്രൊഫൈലുകള്‍ ഉയര്‍ത്തുന്നുണ്ട്. മുഖ്യമന്ത്രിക്കും മരുമകനുമെതിരെയാണ് കൂടുതല്‍ വിമര്‍ശനങ്ങള്‍.

കെകെ ഷൈലജയെ ഒഴിവാക്കിയ മുഖ്യമന്ത്രിയുടെ നടപടിക്കെതിരെയും രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. മുഖ്യമന്ത്രിക്ക് വെല്ലുവിളി ഉയരുമെന്ന ഭീഷണിയിലാണ് ഷൈലജയെ ഒഴിവാക്കിയതെന്നാണ് പ്രധാന വിമര്‍ശനം. നിയമസഭാ കോംപ്ലക്‌സും സെക്രട്ടറിയേറ്റ് കോംപ്ലക്‌സും ഒന്നുമല്ല, പെരുന്തച്ചന്‍ കോംപ്ലക്‌സാണ് കോംപ്ലക്‌സ് ! എന്നാണ് മറ്റൊരു പ്രൊഫൈല്‍ പരിഹസിക്കുന്നത്.

കഴിഞ്ഞ സര്‍ക്കാരിനെ ബന്ധുജന സര്‍ക്കാരെന്ന് വിളിച്ച്‌ സോഷ്യല്‍ മീഡിയായില്‍ വലിയ പരിഹാസം നിറഞ്ഞിരുന്നു. എന്നാല്‍ ഇത്തവണത്തേത് ബന്ധുജന മന്ത്രിസഭയെന്ന പരിഹാസവും നിറയുന്നുണ്ട്.

സിപിഎം ആക്റ്റിങ് സെക്രട്ടറിയും ഇടതുമുന്നണി കണ്‍വീനറുമായ എ വിജയരാഘവന്റെ ഭാര്യ ആര്‍ ബിന്ദുവിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതിനെതിരെയാണ് ഈ പ്രതിഷേധം.