വാസൻ ഐ കെയർ സ്ഥാപകൻ എ. എം അരുൺ (51) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മരണത്തിൽ സംശയം ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയതോടെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

നെഞ്ചുവേദനയെ തുടർന്നാണ് അരുണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് മരണം സംഭവിക്കുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിൽ ആത്മഹത്യയുടെയോ കൊലപാതകത്തിന്റെയോ ലക്ഷണങ്ങളില്ലെന്നും ഹൃദയാഘാതമാണ് മരണകാരണമെന്നും പൊലീസ് പറയുന്നു. പോസ്റ്റുമോർട്ടത്തിന് ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാകുകയുള്ളൂ എന്നും പൊലീസ് വ്യക്തമാക്കി.

തിരുച്ചിയിലെ മെഡിക്കൽ ഷോപ്പിൽ നിന്നാണ് എ. എം അരുണിന്റെ തുടക്കം. പിന്നീട് തിരുച്ചിയിൽ ഐ കെയർ ആശുപത്രി സ്ഥാപിച്ചു. കുറച്ച് വർഷങ്ങൾക്ക് ശേഷം രാജ്യത്തെ ഏറ്റവും വലിയ ആശുപത്രി ശൃംഖലകളിലൊന്നായി മാറി. വാസൻ ഐ കെയറിന്റെ കീഴിൽ 100 ആശുപത്രികൾ രാജ്യത്താകമാനമുണ്ട്.