ചോറ്റാനിക്കര ദേവിക്ക് കാണിക്കായി 526 കോടി രൂപയുടെ വികസന പദ്ധതികൾ പ്രഖ്യാപിച്ച് വ്യവസായി. കർണാടക സ്വദേശിയായ ഗണശ്രാവണാണ് കുടുംബത്തോടൊപ്പം ക്ഷേത്രദർശനം നടത്തിയ ശേഷം പ്രഖ്യാപനം നടത്തിയത്. ക്ഷേത്രത്തെ അന്താരാഷ്ട്ര തീർത്ഥാടന കേന്ദ്രമായി മാറ്റുകയാണ് ലക്ഷ്യമെന്ന് ഗണശ്രാവണൻ പറയുന്നു.

തന്റെ ഇഷ്ടദേവതയെ വണങ്ങാൻ കുടുംബത്തോടൊപ്പമാണ് ഗണശ്രാവണൻ ഇക്കുറിയെത്തിയത്. ചോറ്റാനിക്കര ദേവിക്കായി 526 കോടി രൂപയുടെ ക്ഷേത്ര നഗരി നിർമിക്കുമെന്ന് കർണാടക സ്വദേശിയായ ഗണശ്രാവണൻ നേരത്തെ അറിയിച്ചിരുന്നു. പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനത്തിനാണ് അദ്ദേഹം വീണ്ടും കേരളത്തിലെത്തിയത്.

ക്ഷേത്രത്തെ അന്താരാഷ്ട്ര തീർത്ഥാടന കേന്ദ്രമാക്കി മാറ്റാനുള്ള ബൃഹത് പദ്ധതികളാണ് കൊച്ചിയിൽ ഗണശ്രാവണൻ പ്രഖ്യാപിച്ചത്. വ്യവസായം തകർന്ന് ആത്മഹത്യയുടെ വക്കിൽ നിന്ന ഗണശ്രാവണൻ ചോറ്റാനിക്കര ക്ഷേത്രത്തിലെത്തി പ്രാർത്ഥിച്ചതോടെയാണ് ജീവിതത്തിൽ ഉയർച്ചകളുണ്ടായതെന്നാണ് വിശ്വസിക്കുന്നത്.

ചോറ്റാനിക്കരയിൽ 500 രോഗികളെ കിടത്തി ചികിത്സിക്കാവുന്ന തരത്തിൽ അന്താരാഷ്ട്ര നിലവാരമുള്ള ആശുപത്രി നിർമിക്കാനും പദ്ധതിയുണ്ട്.

ഗണശ്രാവണന്റെ ബിസിനസ് സ്ഥാപനമായ സ്വാമിജി ഗ്രൂപ്പ് ഓഫ് കമ്പനീസിൻറെ മേൽനോട്ടത്തിൽ 5 വർഷം കൊണ്ട് പദ്ധതി പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ദേവസ്വം ബോർഡ് അനുമതി ലഭിച്ചാലുടൻ നിർമാണം ആരംഭിക്കും.