ഇടുക്കി : ഇസ്രായേലിൽ നടന്ന ഹമാസ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ സംസ്‌കാര ചടങ്ങുകൾ ഇന്നലെ ഇടുക്കി കീരിത്തോട് നിത്യസഹായമാതാ പള്ളിയിൽ നടന്നു. എന്നാൽ ചടങ്ങിൽ സംസ്ഥാന സർക്കാർ പ്രതിനിധികൾ ആരും തന്നെ പങ്കെടുക്കത്തില്ല. ഇതിനെതിരെ വിമർശനവുമായി ബിജെപിയും കോൺഗ്രസും രംഗത്തെത്തി. ഇസ്രായേൽ കോൺസുൽ ജനറൽ ജൊനാതൻ സെഡ്കയും സൗമ്യയുടെ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചിരുന്നു. എന്നാൽ മന്ത്രിമാർക്കോ മുഖ്യമന്ത്രിയ്‌ക്കോ സ്ഥലത്തെത്താൻ സാധിച്ചില്ല എന്ന വിമർശനങ്ങളാണ് ഉയരുന്നത്.

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനു വേണ്ടി ജില്ലാ കളക്ടർ എച്ച് ദിനേശൻ റീത്ത് സമർപ്പിച്ചു. എന്നാൽ പ്രദേശത്തെ ജനപ്രതിനിധിയായ റോഷി അഗസ്റ്റിൻ എംഎൽഎ ചടങ്ങിൽ പങ്കെടുത്തില്ല. തിരുവനന്തപുരത്ത് സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട തിരക്കിട്ട പാർട്ടി യോഗത്തിലായിരുന്നു അദ്ദേഹം. സമീപ മണ്ഡലത്തിലെ എംഎൽഎയായ എം എം മണിയും ഞായറാഴ്ച സൗമ്യയുടെ സംസ്‌കാര ചടങ്ങിനെത്തിയില്ല. വിദേശത്ത് കൊല്ലപ്പെട്ട മലയാളി യുവതിയെ സർക്കാർ അവഗണിച്ചുവെന്നാണ് ഇടുക്കി എം പി ഡീൻ കുര്യാക്കോസ് പറഞ്ഞത്.

ശനിയാഴ്ച നെടുമ്പാശേരിയിലെത്തിയ സൗമ്യയുടെ ഭൗതിക ശരീരം ഏറ്റുവാങ്ങാനും സർക്കാർ പ്രതിനിധികളാരും തന്നെ എത്തിയിരുന്നില്ല. കഴിഞ്ഞ ചൊവ്വാഴ്ച ഇസ്രായേലിൽ നടന്ന ഹമാസ് ഷെല്ലാക്രമണത്തിലാണ് സൗമ്യ കൊല്ലപ്പെട്ടത്. ഇസ്രായേലിലെ അഷ്‌കലോണിൽ കഴിഞ്ഞ പത്തുവർഷമായി കെയർ ടേക്കറായി ജോലി ചെയ്യുകയായിരുന്നു സൗമ്യ. തുടർന്ന് ശനിയാഴ്ച രാത്രിയാണ് സൗമ്യയുടെ മൃതദേഹം കീരിത്തോട്ടിലെ വീട്ടിൽ എത്തിച്ചത്. ടെൽ അവീവിൽ നിന്ന് പ്രത്യേക വിമാനത്തിൽ ഡൽഹിയിൽ എത്തിച്ച മൃതദേഹം കേന്ദ്ര മന്ത്രി വി.മുരളീധരനായിരുന്നു ഏറ്റുവാങ്ങിയത്.

സൗമ്യ ജോലി ചെയ്തിരുന്നത് ഗാസയിലും കൊല്ലപ്പെട്ടത് ഇസ്രായേൽ അക്രമണത്തിലുമായിരുന്നെങ്കിൽ സൗമ്യയെ കേരളത്തിന്റെ മകളായി മുഖ്യമന്ത്രി പ്രഖ്യാപിച്ചേനെ എന്നാണ് സംഭവത്തിൽ പ്രതികരിച്ചുകൊണ്ട് ബിജെപി നേതാവ് സന്ദീപ് വാര്യർ പറഞ്ഞത്. സൗമ്യ മരിച്ചപ്പോൾ ശരിയായ രീതിയിൽ ആദരാഞ്ജലികൾ അർപ്പിക്കാൻ പോലും മന്ത്രിമാർക്കോ മുഖ്യമന്ത്രിയ്‌ക്കോ കഴിഞ്ഞില്ല എന്ന വിമർശനങ്ങളും ഉയർന്നിരുന്നു.