ബംഗളൂരു : ബിനീഷ് കോടിയേരിക്കെതിരായ പണമിടപാട് കേസിൽ മുഹമ്മദ് അനൂപിന്റെ കൂട്ടാളി റഷീദ് ചോദ്യം ചെയ്യലിന് ഹാജരായി. വൈകീട്ടോടെ സോണൽ ആസ്ഥാനത്തെത്തിയാണ് റഷീദ് എൻഫോഴ്‌സ്‌മെന്റ് മുൻപാകെ ഹാജരായത്. റഷീദിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

കേസുമായി ബന്ധപ്പെട്ട് രണ്ടാമത്തെ തവണയാണ് റഷീദിനെ ചോദ്യം ചെയ്യാനായി വിളിപ്പിക്കുന്നത്. നേരത്തെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് എൻഫോഴ്‌സ്‌മെന്റ് അറിയിച്ചിരുന്നുവെങ്കിലും റഷീദ് ഹാജരായിരുന്നില്ല. അനൂപ് ബംഗളൂരുവിൽ തുടങ്ങിയ ഹയാത് ഹോട്ടലിൽ പങ്കാളിയായിരുന്നു റഷീദ്.

റഷീദിനെ കൂടാതെ ബിനീഷിന്റെ ബിനാമിയെന്ന് എൻഫോഴ്‌സ്‌മെന്റ് കണ്ടെത്തിയ വ്യാപാരി അബ്ദുൾ ലത്തീഫിനും ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നു. ഇയാളും ഹാജരായിരുന്നില്ല.

അതിനിടെ  ബിനീഷുമായി വൻ തുകയുടെ സാമ്പത്തിക ഇടപാടുകൾ നടത്തിയ അരുൺ 10 ദിവസത്തേക്ക്  ഹാജരാകില്ലെന്ന് എൻഫോഴ്‌സ്‌മെന്റിനെ അറിയിച്ചിട്ടുണ്ട്. ആരും ഹാജരാകാതിരുന്ന സാഹചര്യത്തിൽ ചോദ്യം ചെയ്യലിന് വിളിപ്പിച്ചവർ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് ആരോപിച്ച് എൻഫോഴ്‌സ്‌മെന്റ് രംഗത്ത് എത്തിയിരുന്നു.