പാരീസ്: എ.ടി.പി റാങ്കിംഗില്‍  പീറ്റ് സാംപ്രസിന്റെ റെക്കോഡിനൊപ്പമെത്തി ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ച്. എ.ടി.പി ചെയര്‍മാന്‍ ആന്ദ്രോ ഗൗഡെന്‍സിയില്‍ നിന്നും ജോക്കോവിച്ച് കിരീടം ഏറ്റുവാങ്ങി. ലോക ഒന്നാം നമ്പര്‍ താരമായി ആറു തവണ എ.ടി.പി റാങ്കിംഗ് സീസണ്‍ മുഴവന്‍ നിലനിര്‍ത്തുകയെന്ന നേട്ടത്തിലാണ് ജോക്കോവിച്ച് എത്തിനില്‍ക്കുന്നത്. ഇതിന് മുമ്പ് 2011, 12, 14,15,18 വര്‍ഷങ്ങളില്‍ ജോക്കോവിച്ച് ഒന്നാം റാങ്കിങ്ങിലെത്തിയിരുന്നു. ടെന്നീസ് ഇതിഹാസം അമേരിക്കയുടെ പീറ്റ് സാംപ്രസ് 1993 മുതല്‍ 1998 വരെ തുടര്‍ച്ചയായി ലോക ഒന്നാം നമ്പറായി തുടര്‍ന്നിരുന്നു.

ആറു മാസം കളിക്കളത്തില്‍ നിന്ന് എല്ലാ കായികതാരങ്ങളും വിട്ടു നില്‍ക്കേണ്ടിവന്ന വര്‍ഷമാണ് കടന്നു പോകുന്നത്. അതില്‍ വിഷമമുണ്ട്. എന്നാലും എ.ടി.പി തന്നെ ആദരിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും ജോക്കോവിച്ച് കിരീടം സ്വീകരിച്ചുകൊണ്ട് പറഞ്ഞു. ഈ സീസണില്‍ മികച്ച മുന്നേറ്റമാണ് ജോക്കോവിച്ച് നടത്തിയത്. നാലു കിരീടങ്ങള്‍ സ്വന്തമാക്കിയ സെര്‍ബിയന്‍ താരം 42 മത്സരങ്ങളില്‍ തോല്‍വി അറിഞ്ഞത് 3 എണ്ണത്തില്‍ മാത്രമാണ്.