കൊച്ചി : പെരുമ്പാവൂരിൽ ഗുണ്ടാ സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ യുവാവിന് വെടിയേറ്റ സംഭവത്തിൽ വെടിവെയ്ക്കാനുപയോഗിച്ച തോക്ക് കണ്ടെടുത്തു. ദിവസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് തോക്ക് കണ്ടെടുത്തത്. ബാലിസ്റ്റിക് പരിശോധനയ്ക്കായി തോക്ക് ലാബിലേക്കയച്ചു.

നവംബർ 11 നാണ് സംഘർഷത്തിനിടെ തണ്ടേക്കാട് സ്വദേശി ആദിൽ ഷായ്ക്ക് വെടിയേറ്റത്.

സംഭവത്തിൽ എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആദിലിന് നേരെ വെടിയുതിർത്ത നിസാറിൻെ ഉടസ്ഥതയിലുള്ളതാണ് തോക്ക്. ഇതിന് ലൈസൻസില്ലെന്ന് പോലീസ് പറഞ്ഞു. സംഭവശേഷം പ്രതികൾ തോക്കുമായി കടന്നു കളയുകയായിരുന്നു.

നിലവിൽ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തു വരികയാണ്. . സംഭവത്തിൽ ജില്ലാ പോലിസ് മേധാവി കെ.കാർത്തിക്കിൻറെ നേതൃത്വത്തിൽ ഡി.വൈ.എസ്.പി കെ. ബിജുമോൻ, ഇൻസ്‌പെക്ടർ ബേസിൽ തോമസ് എന്നിവർ ഉൾപ്പെടുന്ന ടീമാണ് അന്വേഷണം നടത്തുന്നത്.

വ്യക്തിപരമായ പ്രശ്‌നം പറഞ്ഞു തീർക്കാൻ എന്ന് പറഞ്ഞ് ആദിലിനെ നിസാറിന്റെ നേതൃത്വത്തിലുള്ള സംഘം വിളിച്ചുവരുത്തുകയായിരുന്നു. തുടർന്നുണ്ടായ സംഘർഷത്തിൽ ആദിലിനെ വാഹനമിടിച്ചു വീഴ്ത്തി. വടിവാളുപയോഗിച്ച് വെട്ടിയ ശേഷം നിസാർ ആദിലിന്റെ നെഞ്ചത്തേക്ക് നിറയൊഴിക്കുകയാരിന്നു.