ന്യൂഡൽഹി : ലഡാക്ക് അതിർത്തിയിലെ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും, ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും വീണ്ടും ഒരേ വേദിയിൽ. നാളെ വൈകീട്ട് നടക്കുന്ന 12ാമത് ബ്രിക്‌സ് ഉച്ചകോടിയിലാണ് നരേന്ദ്ര മോദിയും ഷീ ജിൻപിംഗും വേദി പങ്കിടുന്നത്. കൊറോണയുടെ പശ്ചാത്തലത്തിൽ വെർച്വലായാണ് ഉച്ചകോടി സംഘടിപ്പിച്ചിരിക്കുന്നത്.

കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.  ഉച്ചകോടിയിൽ ബ്രിക്‌സ് രാജ്യങ്ങൾ തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് ചർച്ച നടത്തും. ഇതിന് പുറമേ ആഗോള തലത്തിലെ  പ്രധാന വിഷയങ്ങളായ കൊറോണ വ്യാപനം, ഭീകരവാദം, വ്യാപാരം, ആരോഗ്യം എന്നിവയെക്കുറിച്ചും ചർച്ച ചെയ്യുമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.

ലഡാക്ക് അതിർത്തിയിലെ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ രണ്ടാം തവണയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും, ഷീ ജിൻപിംഗും  ഒരേ വേദി പങ്കിടുന്നത്. കഴിഞ്ഞ ആഴ്ച നടന്ന ഷാങ്ഹായി ഉച്ചകോടിയിലും ഇരു രാഷ്ട്ര തലവന്മാരും ഒന്നിച്ച് പങ്കെടുത്തിരുന്നു. അതിർത്തിയിൽ നിരന്തരം പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്ന ചൈനയ്ക്ക് ഉച്ചകോടിയിൽ ശക്തമായ താക്കീതാണ് പ്രധാനമന്ത്രി നൽകിയത്.