ന്യൂഡൽഹി: പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐക്ക് വിട്ട കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. അന്വേഷണം സംബന്ധിച്ച് സിബിഐ റിപ്പോർട്ട് സുപ്രീം കോടതിയിൽ നൽകിയിട്ടുണ്ട്. സിബിഐ നിലപാട് തന്നെയാകും കേസിൽ നിർണായകം.

അന്വേഷണവുമായി മുന്നോട്ട് പോകുന്നതിന് സർക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു സഹകരണവുമില്ല, കേസ് ഡയറി ഉൾപ്പെടെയുള്ള രേഖകൾ കൈമാറിയില്ല തുടങ്ങിയ വിവരങ്ങൾ ഈ റിപ്പോർട്ടിലുണ്ട്. സിബിഐ അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിൽ ഇടപെടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.

നിലവിൽ കേസിൽ സിബിഐ അന്വേഷണം ഒഴിവാക്കാൻ സർക്കാർ പരിശ്രമിക്കുകയാണ്. സിബിഐ അന്വേഷണത്തിനെതിരെ സർക്കാർ അപ്പീലും നൽകിയിട്ടുണ്ട്. കേസിൽ സിപിഎമ്മിലെ ഉന്നതർക്ക് പങ്കുണ്ടെന്നാണ് സൂചന. ഇത് പുറത്തുവരാതിരിക്കാനാണ് സർക്കാർ സിബിഐ അന്വേഷണം ഒഴിവാക്കാൻ ശ്രമിക്കുന്നതെന്നാണ് ആരോപണം.

കഴിഞ്ഞ ഫെബ്രുവരി 17 നാണ് കല്യോട്ട് വെച്ച് ശരത് ലാലും കൃപേഷും കൊല്ലപ്പെടുന്നത്. ബൈക്കിൽ പോകുകയായിരുന്ന ഇരുവരെയും സിപിഎം അക്രമി സംഘം വെട്ടി വീഴ്ത്തുകയായിരുന്നു. കൃപേഷ് സംഭവസ്ഥലത്തും ശരത് ലാൽ ആശുപത്രിയിലേക്കുള്ള വഴിമദ്ധ്യേയും മരിച്ചു. ഒന്നാം പ്രതി സിപിഎം ലോക്കൽ കമ്മിറ്റി അംഗം പീതാംബരൻ ആസൂത്രണം ചെയ്തതാണ് കൊലപാതമെന്നായിരുന്നു െ്രെകംബ്രാഞ്ച് കണ്ടെത്തൽ.