കൊച്ചി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്ത മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. ജാമ്യാപേക്ഷയിൽ വിശദമായ വാദം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ പൂർത്തിയായിരുന്നു. സ്വപ്നയുടെ ലോക്കറിൽ നിന്ന് കണ്ടെത്തിയ പണം ലൈഫ്മിഷൻ ക്രമക്കേടിലൂടെ ശിവശങ്കറിന് ലഭിച്ച കോഴപ്പണമാണെന്ന് ഇഡി കോടതിയെ അറിയിച്ചിരുന്നു. ഒപ്പം മുദ്രവച്ച കവറിൽ നിരവധി തെളിവുകളും നൽകിയിട്ടുണ്ട്.
കഴിഞ്ഞ വ്യാഴാഴ്ച തുറന്ന കോടതിയിൽ നടത്തിയ വാദങ്ങൾക്ക് പുറമേ കൂടുതൽ വിവരങ്ങൾ ഇന്നലെ ശിവശങ്കർ രേഖാമൂലം നൽകിയിരുന്നു. സർക്കാരുമായി ബന്ധപ്പെട്ട ഉന്നത പദവി വഹിക്കുന്നതിനാലാണ് തന്നെ കേസിൽപ്പെടുത്തിയതെന്നും രാഷ്ട്രീയ നേതാക്കളുടെ പേര് പറയാൻ ഉദ്യോഗസ്ഥർ സമ്മർദം ചെലുത്തുന്നതായും ശിവശങ്കർ കോടതിയിൽ അറിയിച്ചിരുന്നു.