കൊച്ചി: മുന്‍മന്ത്രി കെ.എം മാണിക്കെതിരെഉയര്‍ത്തിയ ബാര്‍കോഴ ആരോപണം പത്തുകോടി രൂപ ജോസ് കെ.മാണി വാഗ്ദാനം ചെയ്തുവെന്ന ബാറുടമ ബിജു രമേശിന്റെ പ്രസ്താവനയില്‍ പരിഹസിച്ച്‌ രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ.എ ജയശങ്കര്‍. മാന്യന്മാരെ അപമാനിക്കരുത്. പത്തു കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന് ബിജു രമേശ് പറയുന്നു. അത് ഒരിക്കലും, ഒരു കാരണവശാലും സത്യമാകാനിടയില്ല.

കാരണം, മാണി സാറും മകനും പണം വാങ്ങുകയല്ലാതെ കൊടുത്ത ചരിത്രം കേട്ടിട്ടില്ല ജയശങ്കര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. അതെ സമയം ആദ്യം ഭീഷണിപ്പെടുത്തിയെന്നും, പിന്നീട് പണം വാഗ്ദാനം ചെയ്തുവെന്നും ബിജു രമേശ് പറഞ്ഞു. ബാറുടമ ജോണ്‍ കല്ലാട്ടിന്റെ ഫോണിലാണ് ജോസ് കെ.മാണി സംസാരിച്ചത്. ഈ സമയം തന്നോടൊപ്പം നിരവധി ബാറുടമകള്‍ ഉണ്ടായിരുന്നതായും ബിജു രമേശ് അവകാശപ്പെട്ടിരുന്നു.

ജയശങ്കറിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

മാന്യന്മാരെ അപമാനിക്കരുത്.ബിജു രമേശ് വലിയ കാശുകാരനാണ്, പ്രമാണിയാണ്, അധികാര കേന്ദ്രങ്ങളില്‍ സ്വാധീനമുള്ള ആളുമാണ്. എന്നു കരുതി നട്ടാല്‍ കുരുക്കാത്ത നുണ പറയരുത്.
കെഎം മാണി സാര്‍ ബാറുകാരില്‍ നിന്ന് ഒരു കോടി രൂപ വാങ്ങിയെന്ന് ബിജു പറഞ്ഞപ്പോള്‍ ജനം വിശ്വസിച്ചു.

കാരണം പുള്ളി അത്യാവശ്യം ടൂ,ത്രീ വാങ്ങുന്ന സ്വഭാവക്കാരനാണെന്നു പരക്കെ അറിയാമായിരുന്നു. ആരോപണം പിന്‍വലിക്കാന്‍ ജോസ് മോന്‍ പത്തു കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന് ബിജു രമേശ് പറയുന്നു. അത് ഒരിക്കലും, ഒരു കാരണവശാലും സത്യമാകാനിടയില്ല. കാരണം, മാണി സാറും മകനും പണം വാങ്ങുകയല്ലാതെ കൊടുത്ത ചരിത്രം കേട്ടിട്ടില്ല.