ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ്‌ തന്നെ ഓസ്ട്രേലിയയ്ക്ക് തിരിച്ചടി. ടെസ്റ്റ് ടീം നായകന്‍ ടിം പെയിനടക്കമുള്ള താരങ്ങളോട് നിര്‍ബന്ധിത ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശം. അഡ്‌ലെയ്ഡില്‍ കോവിഡ് കൊറോണ വൈറസ് വീണ്ടും പൊട്ടിപുറപ്പെട്ടതോടെയാണ് ടിം പെയിന്‍, വിക്കറ്റ് കീപ്പര്‍ മാത്യൂ വെയ്ഡ്, ഓള്‍റൗണ്ടര്‍ കമറോണ്‍ ഗ്രീന്‍ എന്നിവരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശിച്ചത്.

താരങ്ങള്‍ അഡ്‌ലെയ്ഡില്‍ കഴിഞ്ഞ ആഴ്ച നടന്ന ഷെഫീള്‍ഡ് ഷീല്‍ഡ് ട്രോഫി ടൂര്‍ണമെന്റില്‍ കളിച്ചിരുന്നു. ദക്ഷിണാ ഓസ്ട്രേലിയയില്‍ നിന്ന് അവര്‍ മടങ്ങിയെത്തിയെങ്കിലും അവരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശിക്കുകയായിരുന്നു. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കാനും കോവിഡ് ടെസ്റ്റ് നടത്താനും താരങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം അഡ്‌ലെയ്ഡില്‍ രോഗവ്യാപനം രൂക്ഷമാകുന്നത് സംഘാടകരെയും പ്രതിസന്ധിയിലാക്കുന്നുണ്ട്. ഡിസംബര്‍ 10ന് മൂന്ന് മത്സരങ്ങളടങ്ങുന്ന ടി20 പരമ്പരയ്ക്ക് താരങ്ങള്‍ അഡ്‌ലെയ്ഡിലെത്തും. എന്നാല്‍ വേദി മാറ്റാതെ തന്നെ മത്സരങ്ങള്‍ സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് ക്രിക്കറ്റ് ഓസ്ട്രേലിയ.

 

മൂന്ന് വീതം ഏകദിന – ടി20 മത്സരങ്ങളും നാല് ടെസ്റ്റ് മത്സരങ്ങളും അടങ്ങുന്ന പരമ്പരയാണ് ഇന്ത്യ ഓസ്ട്രേലിയയില്‍ കളിക്കുന്നത്. അതേസമയം, ഓസിസ് പര്യടനത്തിനുള്ള ടെസ്റ്റ് ടീമില്‍ രോഹിത് ശര്‍മയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ ഓസീസ് പര്യടനത്തില്‍ നിന്ന് പൂര്‍ണമായി രോഹിത്തിനെ ഒഴിവാക്കിയിരുന്നു. പരുക്കും ഫിറ്റ്‌നസ് പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടിയാണ് രോഹിത്തിനെ ബിസിസിഐ ഓസീസ് പര്യടനത്തില്‍ നിന്നു ഒഴിവാക്കാന്‍ തീരുമാനിച്ചത്.