ഹൈദരാബാദ്: കൊവിഡിനെ പ്രതിരോധിക്കാന്‍ ഇന്ത്യ വികസിപ്പിക്കുന്ന കൊവാക്‌സിന്‍ മൂന്നാം ഘട്ട പരീക്ഷണം ആരംഭിച്ചു. ഭാരത് ബയോടെക് ചെയര്‍മാന്‍ കൃഷ്ണ എല്ലയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാക്‌സിന്‍ വികസനം പുരോഗമിക്കുന്നുണ്ടെങ്കിലും 1.3 ബില്ല്യണ്‍ ആളുകളിലേക്ക് വാക്‌സിന്‍ എത്തുക്കുന്നത് സംബന്ധിച്ച്‌ ആശങ്കയുണ്ട്. 2.6 ഡോസ് വാക്‌സിന്‍ ആവശ്യമായി വരുമെന്നും മൂക്കിലിറ്റിക്കുന്ന ഒറ്റ ഡോസ് വാക്‌സിന്‍ വികസിപ്പിക്കാന്‍ കമ്ബനി ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് വാക്‌സിന്‍ ഇത്രയുമധികം ആളുകളില്‍ എത്തിക്കുന്നത് വെല്ലുവിളിയായിരിക്കുമെന്ന് പരിപാടിയില്‍ പങ്കെടുത്ത വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. 30-40 ശതമാനം വരെ വാക്‌സിനേഷന്‍ മതിയെന്നും പിന്നീട് ഹെര്‍ഡ് ഇമ്മ്യൂണിറ്റിക്ക് സാധ്യതയുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇതുവരെ 18 വയസിനും അതിന് മുകളിലുമുള്ള 28, 500 പേര്‍ കൊവാക്‌സിന്‍ പരീക്ഷണത്തിന്റെ ഭാഗമായി. ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന വാക്‌സിനാണ് ഇത്. ഒക്ടോബര്‍ രണ്ടിനാണ് മൂന്നാംഘട്ട പരീക്ഷണം നടത്താനുള്ള അനുമതി വാക്‌സിന്‍ നിര്‍മ്മാതാക്കള്‍ തേടിയത്.