തൃശൂര്‍: സാഹിത്യകാരനും നടനുമായ മാടമ്പ് കുഞ്ഞുകുട്ടന്‍ നമ്പൂതിരി (81) അന്തരിച്ചു. തൃശൂരില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രാവിലെ ആണ് അന്ത്യം. ശ്വാസതടസം നേരിട്ട് ദിവസങ്ങള്‍ക്കു മുമ്പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തിരുന്നു. ഞായറാഴ്ച കടുത്ത പനിയെത്തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ എത്തിച്ചു. ആന്‍റിജന്‍ പരിശോധനയില്‍ കോവിഡ് നെഗറ്റീവ് ആയിരുന്നെങ്കിലും ആര്‍.ടി.പി.സി.ആര്‍ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചു. രാവിലെ 9.35നായിരുന്നു മരണം.

1941 ജൂണ്‍ 23ന് കിരാലൂരില്‍ ജനിച്ചു. മാടമ്പ് മന കേരളത്തിലെ നമ്പൂതിരി കുടുംബങ്ങളില്‍ പ്രമുഖമനയാണ് മാടമ്പ്. അച്ഛന്‍ ശങ്കരന്‍ നമ്പൂതിരി നാട്ടില്‍ പ്രമുഖനായിരുന്നു. മാടമ്പ് സംസ്കൃതം, ഹസ്തായുര്‍വേദം (ആന ചികിത്സ ) എന്നിവ പഠിച്ചു. കൊടുങ്ങല്ലൂരില്‍ സംസ്കൃത അദ്ധ്യാപകന്‍ ആയും അമ്പലത്തില്‍ ശാന്തി ആയും ജോലി നോക്കി. ആകാശവാണിയിലും മാടമ്പ് ജോലി ചെയ്തിട്ടുണ്ട്. പൂമുള്ളി ആറാം തമ്പുരാന്‍ ആണ് ആന ചികിത്സ പഠിപ്പിച്ചത്. സാഹിത്യത്തില്‍ കോവിലനും തന്ത്ര വിദ്യയില്‍ പരമ ഭാട്ടാരക അനംഗാനന്ദ തീര്‍ഥ പാദശ്രീ ഗുരുവുമാണ്‌ ഗുരുക്കന്മാര്‍. പരേതയായ സാവിത്രി അന്തര്‍ജ്ജനം ആണ് ഭാര്യ. ജസീന മാടമ്പ്, ഹസീന മാടമ്പ് എന്നിവര്‍ മക്കള്‍.

മാടമ്ബി​െന്‍റ നോവലുകളും കഥകളും കേരള സമൂഹത്തിന്റെ നേര്‍ചിത്രങ്ങളാണ്. അദ്ദേഹത്തിന്‍റെ തിരക്കഥകളും വളരെ ജനപ്രിയങ്ങളായിരുന്നു. 2000ല്‍ ജയരാജിന്റെ കരുണം എന്ന ചിത്രത്തിന്‍റെ തിരക്കഥാ രചനയ്ക് ദേശീയ പുരസ്കാരം ലഭിച്ചു. നിരവധി സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഭ്രഷ്ട്, അശ്വത്ഥാമാ, കരുണം, ഗൗരീശങ്കരം, പരിണയം, മകള്‍ക്ക്, ശലഭം എന്നീ മലയാള ചിത്രങ്ങളുടെ കഥ മാടമ്പിന്റെതാണ്‌.

വടക്കും നാഥന്‍, കരുണം, പോത്തന്‍ വാവ തുടങ്ങി പല ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു. കലാസാംസ്കാരിക സാഹിത്യ രംഗങ്ങളില്‍ സജീവമായിരുന്നു. ഇടത് സഹയാത്രികനായിരുന്ന മാടമ്പ് അടുത്ത കാലത്താണ് ബി.ജെ.പി പക്ഷത്തേക്ക് നീങ്ങിയത്. 2001ല്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി കൊടുങ്ങല്ലൂര്‍ മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു. ഇടത് സഹയാത്രികനായിരുന്ന മാടമ്പ് ബി.ജെ.പി പക്ഷത്തേക്ക് നീങ്ങിയതും സ്ഥാനാര്‍ഥിയായതും വലിയ ചര്‍ച്ചക്ക് ഇടയാക്കിയിരുന്നു. താമരചിഹ്നത്തില്‍ തന്നെയാണ് അന്ന് മത്സരിച്ചതും.