പുണെ: കോവിഡ്​ 19നെ തുടര്‍ന്ന്​ പ്രഖ്യാപിച്ച ലോക്​ഡൗണില്‍​ തൊഴില്‍ ഇല്ലാതായതോടെ ഭാര്യയെയും മകനെയും കൊലപ്പെടുത്തി യുവാവ്​ ജീവനൊടുക്കി. മഹാരാഷ്​ട്ര പുണെയിലെ കാടംവാക്​ പ്രദേശത്താണ്​ സംഭവം.

38കാരനായ ഹനുമന്ത ധര്യപ്പ ഷി​ന്‍ഡെയാണ്​ ആത്മഹത്യചെയ്​തത്​. 28കാരിയായ പ്രഗ്യയും 14 മാസം പ്രായമായ മകന്‍ ശിവതേജുമാണ്​ കൊല്ലപ്പെട്ടത്​.

മൂവരുടെയും മരണത്തില്‍ ഹനുമന്തയുടെ പിതാവ്​ ധര്യപ്പ എ. ഷിന്‍ഡെ പൊലീസില്‍ പരാതി നല്‍കി. കുറച്ചുമാസങ്ങള്‍ക്ക്​ മുമ്ബ്​ സോലാപൂരില്‍നിന്ന്​ കാടംവാകില്‍ തൊഴില്‍ അന്വേഷിച്ചെത്തിയതാണ്​ ഷി​ന്‍ഡെയുടെ കുടുംബം. തുടര്‍ന്ന്​ ചെറിയ ജോലികള്‍ ചെയ്​ത്​ ഹനുമന്ത കുടുംബം നോക്കി വരുന്നതിനിടെയാണ്​ ലോക്​ഡൗണ്‍ ഏര്‍പ്പെടുത്തിയത്​. ഇതോടെ തൊഴില്‍ ഇല്ലാതായി.

തുടര്‍ന്ന്​ മാനസിക വിഷമത്തിലായിരുന്നു ഹനുമന്ത. ഞായറാഴ്ച വൈകിട്ട്​ ഭാര്യയെ കഴുത്ത്​ ഞെരിച്ച്‌​ കൊലപ്പെടുത്തുകയും മകന്‍റെ കഴുത്ത്​ മുറിക്കുകയും ചെയ്​തശേഷം ഹനുമന്ത കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നു.

മൂന്ന്​ മൃതദേഹങ്ങളും പോസ്റ്റ്​മോര്‍ട്ടത്തിന്​ അയച്ചു. പിതാവിന്‍റെ പരാതിയില്‍ കേസെടുത്തതായും അന്വേഷണം നടത്തിവരികയാണെന്നും ​പൊലീസ്​ പറഞ്ഞു.