തിരുവനന്തപുരം: ശബരിമലയില്‍ തീര്‍ത്ഥാടകരായി എത്തുന്നവര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായാണ് എത്തുക എങ്കിലും ജാഗ്രത കൈവിടരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തീര്‍ത്ഥാടകര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും ഹാജരാക്കണമെന്നും ശബരിമലയിലേക്കുള്ള വഴിയില്‍ പ്രധാന പൊതുസ്ഥലങ്ങളില്‍ അംഗീകൃത കിയോസ്‌കുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

നിലയ്ക്കലും പമ്ബയിലും ആളുകള്‍ കൂടിനില്‍ക്കരുത്. ഒരു സ്ഥലത്തും ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നത് അനുവദിക്കില്ല. ടോയ്‌ലറ്റുകള്‍ ഇടയ്ക്കിടെ അണുവിമുക്തമാക്കണം. തീര്‍ത്ഥാടകര്‍ക്കൊപ്പം വരുന്ന പാചകക്കാര്‍, ഡ്രൈവര്‍മാര്‍, ക്ലീനര്‍മാര്‍ ഇവരെല്ലാം നിര്‍ബന്ധമായും കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാന്‍ ബാധ്യസ്ഥരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

തീര്‍ത്ഥാടകര്‍ക്ക് കിയോസ്‌കുകളുടെ സേവനം ഉപയോഗപ്പെടുത്താവുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവായാല്‍ പോലും കോവിഡ് സാധ്യത നൂറ് ശതമാനം തള്ളിക്കളയാന്‍ സാധിക്കില്ലെന്നും അതിനാല്‍ തന്നെ ടെസ്റ്റ് നെഗറ്റീവായതുകൊണ്ട് മറ്റ് ജാഗ്രത ആവശ്യമില്ലെന്ന് കരുതരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.