തിരുവനന്തപുരം: കോവിഡ് വൈറസ് വ്യാപനം ഏല്‍പ്പിക്കുന്ന മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ കൗണ്‍സിലിംഗ് പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ ‘ ഒറ്റക്കല്ല, ഒപ്പമുണ്ട്’ എന്ന കൗണ്‍സിലിംഗ് പരിപാടിയാണ് സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ഓരോ ജില്ലയിലും മെന്റല്‍ ഹെല്‍ത്ത് ടീമിന്റെ ഭാഗമായാണ് ഈ പദ്ധതി നടപ്പാക്കുക. സൈക്യാട്രിസ്റ്റുകള്‍, സൈക്കോളജിസ്റ്റുകള്‍, സോഷ്യല്‍ വര്‍ക്കര്‍മാര്‍ എന്നിവരടങ്ങിയ 1400 പേര്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.

നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ പേരെ ഉള്‍പ്പെടുത്തി ഈ ടീം വിപുലീകരിക്കും. കോവിഡ് പോസിറ്റീവാകുന്നവരുടെ ലിസ്റ്റ് ടീമിന് കൈമാറും. ഓരോ വ്യക്തിയെയും നേരിട്ട് വിളിച്ച്‌ അവരുടെ മാനസികമായ ബുദ്ധിമുട്ടും ആവശ്യങ്ങളും ചോദിച്ചറിയും.

മാനസിക ബുദ്ധിമുട്ട് നേരിടുന്നെങ്കില്‍ രണ്ടാമത്തെ കോളില്‍ സൈക്യാട്രിസ്റ്റ് നേരിട്ട് സംസാരിച്ച്‌ പരിഹാരം നിര്‍ദ്ദേശിക്കും. മരുന്ന് വേണമെങ്കില്‍ പിഎച്ച്‌സി വഴി മരുന്നെത്തിക്കും. മറ്റ് ആവശ്യങ്ങള്‍ ഐസിഡിഎസ്, തദ്ദേശ സ്ഥാപനം എന്നിവ വഴിയും നിറവേറ്റാന്‍ ശ്രമിക്കും. കോവിഡ് മുക്തരായവരെ 20 ദിവസത്തിന് ശേഷം പോസ്റ്റ് കൊവിഡ് ബുദ്ധിമുട്ട് നേരിടുന്നുണ്ടോയെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

മാനസിക രോഗമുള്ളവര്‍, വയോജനങ്ങള്‍, ഭിന്നശേഷിക്കാരായവരുടെ മാതാപിതാക്കള്‍ എന്നിവരെയും ബന്ധപ്പെടുന്നുണ്ട്. മദ്യശാലകള്‍ അടഞ്ഞു കിടക്കുന്നതിനാല്‍ മദ്യാപാനാസക്തിയുള്ളവരുടെ കൗണ്‍സിലിംഗും ഈ ടീം നടത്തുന്നുണ്ട്.

വിദ്യാലയങ്ങള്‍ അടഞ്ഞ് കിടക്കുന്നതിനാല്‍ സ്‌കൂള്‍ കുട്ടികള്‍ക്കും കൗണ്‍സിലിംഗ് നടത്തുന്നുണ്ട്. 7.12 ലക്ഷം കുട്ടികളെയാണ് ടീം ഇതുവരെ വിളിച്ചത്. 73,723 കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കുന്നുണ്ട്. ആരോഗ്യപ്രവര്‍ത്തകര്‍ക്കായി ഹെല്‍പ് ലൈന്‍ ആരംഭിച്ചു. 63000 കോളുകള്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കായി വിളിച്ചു. സംസ്ഥാന അടിസ്ഥാനത്തിലും ജില്ലാ അടിസ്ഥാനത്തിലും സ്‌ട്രെസ് മാനേജ്‌മെന്റ് നടത്തുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

എല്ലാ ജില്ലകളിലും മാനസികാരോഗ്യ പരിപാടിയുടെ കീഴില്‍ സൈക്കോ സോഷ്യല്‍ ഹെല്‍പ്ലൈന്‍ നമ്ബര്‍ ലഭ്യമാണ്. ദിശ ഹെല്‍പ്പ്ലൈന്‍ 1056 ലും ബന്ധപ്പെടാം. ഈ സേവനം 24 മണിക്കൂറും ലഭ്യമാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.