തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ മദ്യശാലകളും അടച്ചിട്ടിരിക്കുകയാണ്. ഈ സാഹചര്യം മുതലെടുത്ത് സംസ്ഥാനത്തേക്ക് അനധികൃത വില്‍പ്പനക്കായി മദ്യം കടത്തുന്ന കേസുകള്‍ ദിനം പ്രതി വര്‍ധിച്ചിരിക്കുകയാണ്. ഇന്ന് 250 കുപ്പി മദ്യവുമായാണ് ഒരാള്‍ പൊലീസ് പിടിയിലായത്. ഇയാള്‍ തമിഴ്നാട്ടില്‍ നിന്നും മദ്യം ഒളിപ്പിച്ചു കൊണ്ടുവന്ന് കച്ചവടം നടത്തി വരികയായിരുന്നു.വിഴിഞ്ഞം പഴയപള്ളിക്ക് സമീപം തുപ്പാശിക്കുടിയില്‍ പുരയിടത്തില്‍ എഡ്വിന്‍ (39) നെയാണ് വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തത്. മിഴ്നാട്ടില്‍ നിന്നും കുറഞ്ഞ വിലയ്ക്ക് മദ്യം വാങ്ങി അമിത വിലയ്ക്ക് വില്‍ക്കാന്‍ വേണ്ടിയാണ് പ്രതി മദ്യം കടത്തിയത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയും കാപ്പ നിയമപ്രകാരം ജയില്‍ശിക്ഷ അനുഭവിച്ചിട്ടുള്ളതുമായ ഇയാളെ കോട്ടപ്പുറം പുതിയ പള്ളിക്ക് സമീപം നിന്നാണ് മദ്യവുമായി അറസ്റ്റ് ചെയ്തത്.