കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ശബരിമലയെ പ്രചരണ ആയുധമാക്കി മാറ്റിയ രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ശബരിമലയെ മറന്നു. സംസ്ഥാന സര്‍ക്കാര്‍ ശബരിമലയുടെ വികസന പ്രവര്‍ത്തനങ്ങളില്‍ മെല്ലെപോക്ക് നയമാണു സ്വീകരിക്കുന്നതെന്ന് വിവരാവകാശ രേഖ. സമൂഹിക പ്രവര്‍ത്തകന്‍ കെ. ഗോവിന്ദന്‍ നമ്ബൂതിരിക്ക് നല്‍കിയ വിവരാവകാശ രേഖയിലാണു ശബരിമലയെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അവഗണിക്കുന്നതായി റിപ്പോര്‍ട്ടുള്ളത്.

കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ സ്വദേശ് ദര്‍ശന്‍ പദ്ധതിയില്‍ 2016-17 ല്‍ ആരംഭിച്ച ശബരിമല-എരുമേലി- പമ്ബ-സന്നിധാനം പൈതൃക ടൂറിസം പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ 99.98 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിട്ടുണ്ട്. കേരളത്തിന് ഇതില്‍ നല്‍കിയത് 19.99 കോടി രൂപ മാത്രമാണു. സംസ്ഥാന സര്‍ക്കാരും കാര്യമായതൊന്നും ചെയ്തില്ല. 15.35 ശതമാനമാണ് കേന്ദ്ര പദ്ധതിയുടെ പുരോഗതി.

ശ്രീ പത്മനാഭസ്വാമി ക്ഷേത്രം-ആറന്മുള-ശബരിമല പൈതൃക ടൂറിസം പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ 92.21 കോടി രൂപയുടെ അനുമതി നല്‍കി. ഇതില്‍ 73.77 കോടി രൂപ സംസ്ഥാനത്തിന് നല്‍കി കഴിഞ്ഞു. 58.76 കോടി രൂപയുടെ വിനിയോഗ സര്‍ട്ടിഫിക്കറ്റ് സംസ്ഥാനം സമര്‍പ്പിച്ചു. 82 ശതമാനമാണ് പദ്ധതിയുടെ പുരോഗതി.

ശബരിമലയുടെ വികസനത്തിന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ വേണ്ടത്ര പരിഗണന നല്‍കുന്നില്ല. തീര്‍ത്ഥാടന കേന്ദ്രമായ ശബരിമലയ്ക്ക് വികസനത്തില്‍ അര്‍ഹമായ സ്ഥാനം നല്‍കാനോ, പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാനോ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെന്നും ഗോവിന്ദന്‍ നമ്ബൂതിരി ചൂണ്ടിക്കാട്ടി.